രാജ്യ വ്യാപകമായി റോഡ് ഉപരോധത്തിനൊരുങ്ങി കര്‍ഷകര്‍

0

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സംയുക്ത സമര സിമിതി ആഹ്വാനം ചെയ്ത രാജ്യവ്യാപക റോഡ് ഉപരോധ സമരം ഇന്ന്. ഉച്ചക്ക് 12 മണി മുതല്‍ വൈകീട്ട് 3 മണി വരെയാണ് സമരം. ഡല്‍ഹി, യുപി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലൊഴികൈ എല്ലായിടത്തും ദേശീയ പാതകള്‍ ഉപരോധിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സമരത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. സമരത്തെ നേരിടാന്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കി.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനാണ് സംയുക്ത സമര സിമിതി ഇന്ന് രാജ്യ വ്യാപക റോഡ് ഉപരോധ സമരം നടത്തുന്നത്. ദേശീയ സംസ്ഥാന പാതകളാണ് തടയുക. ഡല്‍ഹിയിലും യുപിയിലും ഉത്തരാഖണ്ഡിലും എപ്പോള്‍ വേണമെങ്കിലും സമരം നടത്താമെന്നും അതിനാലാണ് മറ്റിടങ്ങളില്‍ കര്‍ഷകരെ ഒരുക്കി നിര്‍ത്താനായി സമരം നടത്തുന്നതെന്നും ബികെയു നേതാവ് രാജേഷ് ടികായത്ത് അറിയിച്ചു.

സമരം സമാധാനപരമായിരിക്കുമെന്നും സംയുക്ത സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്. ഇതുറപ്പാക്കാനായി മാര്‍ഗനിര്‍ദ്ദേശങ്ങളും സമിതി പുറത്തിറക്കി. അവശ്യ സേവനങ്ങളെ ഉപരോധത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും തര്‍ക്കങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സമരത്തെ നേരിടുന്നത് ചര്‍ച്ച ചെയ്യാനായി ഉന്നത ഉദ്യോഗസ്ഥര്‍ ഇന്നലെ യോഗം ചേര്‍ന്നിരുന്നു. സമരം നടക്കുന്ന രാജ്യ തലസ്ഥാന അതിര്‍ത്തികള്‍ക്ക് ചുറ്റും പൊലീസ് വിന്യാസം വര്‍ധിപ്പിച്ചിരിക്കുകയാണ്. അനിഷ്ട സംഭവങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ ഇന്റലിജന്‍സ് ശൃംഖലയുടെ പ്രവര്‍ത്തനവും യോഗം വിലയിരുത്തി.