സമുദ്ര സംരക്ഷണ നിയമം ശക്തിപ്പെടുത്തണം:  നാവികസേന മുന്‍ ഉപമേധാവി

0
ലക്കിടി: രാജ്യത്തെ സമുദ്ര സംരക്ഷണ നിയമം കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് നാവികസേന മുന്‍  ഉപമേധാവി വൈസ് അഡ്മിറല്‍ ജി അശോക് കുമാര്‍. ഭാരതത്തിൻ്റെ വളര്‍ച്ചക്കും സുരക്ഷക്കും ഇത് അത്യാവശ്യമാണ്.  നെഹ്‌റു അക്കാദമി ഓഫ് ലോയില്‍ ത്രിദിന ഇൻ്റര്‍നാഷണല്‍ മാരിടൈം സെമിനാര്‍ ((NALIMC-2025) ഉദ്ഘാടനം ചെയ്യുകയായിരുന്നു നാഷണല്‍ മാരിടൈം സെക്യൂരിറ്റി കോഡിനേറ്റര്‍ കൂടിയായ അദ്ദേഹം.

ഇന്ത്യയിലേക്കുള്ള 95 ശതമാനം ചരക്കുകളും എത്തിക്കുന്നത് കടല്‍ മാര്‍ഗ്ഗമാണ്. അതിനാല്‍ നാടിൻ്റെ പുരോഗതി, സമുദ്രതലത്തില്‍ നടപ്പിലാക്കുന്ന വികസന നയങ്ങളെ ആശ്രയിച്ചാണ്. രാജ്യത്തിൻ്റെ  വലിയ ഭാഗം കടലിനോട് ചേര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഭാരതത്തിൻ്റെ   സുരക്ഷയ്ക്കും സമുദ്ര സംരക്ഷണ നിയമം അനിവാര്യമാണെന്നും വൈസ് അഡ്മിറല്‍ ജി അശോക് കുമാര്‍ പറഞ്ഞു.

മൗറീഷ്യസ്-ഇന്ത്യ ട്രേഡ് കമ്മീഷണറും പി കെ ദാസ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ചാന്‍സലറുമായ അഡ്വ. ഡോ. പി കൃഷ്ണദാസ് അധ്യക്ഷനായി. നെഹ്‌റു ഗ്രൂപ്പ് സിഇഓയും സെക്രട്ടറിയുമായ ഡോ. പി കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.

ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്‌സിറ്റി ഡയറക്ടര്‍ ഡോ. എസ് ശാന്തകുമാര്‍, കൊച്ചിയിലെ ഇൻ്റര്‍നാഷണല്‍ ലോ സ്ഥാപന മേധാവി അഡ്വ. വി ജെ മാത്യു, ഷിപ്പ് സര്‍വേയര്‍ കം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ഷിതേഷ് രഞ്ജന്‍,
ഇൻ്റര്‍നാഷണല്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് ലക്ചറര്‍ ഡോ. സഞ്ജിത് രുഹാല്‍, ഗുജറാത്ത് മാരിടൈം യൂണിവേഴ്‌സിറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. അഭയ് സിംഗ് താക്കൂര്‍ തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

നെഹ്‌റു ഗ്രൂപ്പ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ. കന സുകുമാരന്‍, നെഹ്‌റു അക്കാദമി ഓഫ് ലോ പ്രൊഫ. ഡോ.പി ഡി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. നെഹ്‌റു അക്കാദമി ഓഫ് ലോ പ്രിന്‍സിപ്പാള്‍ ഡോ. സോണി വിജയന്‍ സ്വാഗതവും സെമിനാര്‍ കണ്‍വീനര്‍ അസി. പ്രൊഫ. സിദ്ധാര്‍ഥ് നന്ദിയും പറഞ്ഞു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സെമിനാറില്‍  നേരിട്ടും ഓണ്‍ലൈനിലുമായി എണ്‍പതിലധികം  പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

രണ്ടാം ദിനമായ ചൊവ്വാഴ്ച ബ്രൂണെ-  ഇന്ത്യ ട്രേഡ് കമ്മീഷണറും എക്‌സ്‌പെര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക മാനേജിംഗ് ഡയറക്ടറുമായ എന്‍ എം പണിക്കര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട് സ്‌പെഷ്യല്‍ ഓഫീസര്‍ ജിതേന്ദ്രന്‍ കിണറ്റിന്‍കര തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ബിനു മോള്‍, ഡയറക്ടറേറ്റ് ഓഫ് ലോ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കമാണ്ടന്റ് ആശ ദഹിയ തുടങ്ങിയവര്‍ സംസാരിക്കും.