തമിഴ് നടൻ ആദിഷ് ബാല, ആദിശ്വ മോഹൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘രഘുറാ’മിലെ പുതിയ പാട്ട് പുറത്ത്. ‘ആദകച്ചക്ക’ എന്ന പാട്ടിന്റെ വിഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ആദിവാസി ജീവിതങ്ങൾക്കിടയിൽ ഏറെ ശ്രദ്ധയാർന്ന “ആദകച്ചക്ക” എന്ന വരികളടങ്ങിയ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
സെലസ്റ്റിയ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ക്യാപ്റ്റൻ വിനോദ് ആണ് ചിത്രം നിർമ്മിക്കുന്നത്. അജു സാജൻ വരികൾ എഴുതി സായ് ബാലൻ സംഗീതം നൽകിയ ഗാനമാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. സോണിമ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളത്തിൽ ഒരുക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രം ജനുവരി 30ന് റിലീസിന് എത്തും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രമുഖ സംവിധായകൻ സൈനു ചാവക്കാടൻ ആണ്.
രാധ രവി, സമ്പത്ത് റാം, അർനോൾഡ് ത്യാഗു, രമ്യ പണിക്കർ, ചാർമ്മിള, അരവിന്ദ് വിനോദ്, മുരളി ജയൻ, സജിത്ത് തോപ്പിൽ, ബിജു എബ്രഹാം, രാഖി മനോജ്, സാഗര, അഭിനവ് സിയോൾ, സുനിൽ അരവിന്ദ്, സൂര്യ തോമസ്, ലീന, ഷിമ്മി മേലേടത്ത് തുടങ്ങിയവരും ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സസ്‌പെന്‍സും ദുരൂഹതകളും കോര്‍ത്തിണക്കിയ ചിത്രത്തിൽ മലയാളത്തിലെ മികച്ച സംഘട്ടന സംവിധായകരായ, അഷ്റഫ് ഗുരുക്കൾ, ഡ്രാഗൺ ജിറോഷ് എന്നിവരെ അണിനിരത്തി വ്യത്യസ്തമായ അക്ഷൻ രംഗങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രത്തിൻ്റ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. സുധിർ സി.ചാക്കനാട്ടിൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന രഘുറാമിൻ്റെ കോ. പ്രൊഡ്യൂസർ ബോണി അസ്സനാർ, വിനീത രമേഷ് എന്നിവരാണ്.




































