ആക്ഷേപ ഹാസ്യത്തിന്റെ നറുമണം ചൊരിഞ്ഞ് മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രിയപ്പെട്ട ശ്രീനിവാസന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. ഇരുനൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം അഞ്ചു തവണ നേടിയ അദ്ദേഹം എഴുതി സംവിധാനം ചെയ്ത ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം സിനിമകള്‍ക്ക് ദേശീയ പുരസ്‌ക്കാരങ്ങളും ലഭിച്ചു.

നടനായും തിരക്കഥാകൃത്തായും സംവിധായകനായും മലയാളിക്ക് ഒരു പിടി നല്ല സിനിമകളും നിമിഷങ്ങളും നല്‍കിയ കലാകാരനായിരുന്നു ശ്രീനിവാസന്‍. 48 വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ പകരക്കാരനില്ലാത്ത നിറഞ്ഞാട്ടമായിരുന്നു അദ്ദേഹത്തിന്റേത്.
എന്നും സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ നര്‍മം കലര്‍ത്തി അവതരിപ്പിക്കുന്നതായിരുന്നു ശ്രീനിവാസന്റെ രീതി. 1976ലാണ് നടനായുള്ള അരങ്ങേറ്റം. പി എ ബക്കര്‍ സംവിധാനം ചെയ്ത മണിമുഴക്കം ആയിരുന്നു ആദ്യ സിനിമ. 1984 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഓടരുതമ്മാവാ ആളറിയും എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി.
സംവിധായകന്‍ സത്യന്‍ അന്തിക്കാടുമായി ചേര്‍ന്ന് ഒരുക്കിയ ചിത്രങ്ങളൊക്കെയും സൂപ്പര്‍ ഹിറ്റുകളും മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയുമായി മാറി. അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന കഥകളും തിരക്കഥകളുമൊക്കെ കാലഘട്ടത്തിനും അപ്പുറം സഞ്ചരിക്കാന്‍ കെല്‍പ്പുള്ളവയാണ്.
ശ്രീനിവാസനും മോഹന്‍ലാലും എന്ന കൂട്ട്‌കെട്ടിലെ തമാശകളും ഡയലോഗുകളും മലയാളികള്‍ എന്നും കൊണ്ടുനടക്കുന്നു. 2018ല്‍ പുറത്തിറങ്ങിയ ഞാന്‍ പ്രകാശന്‍ ആണ് ശ്രീനിവാസന്‍ തിരക്കഥ എഴുതി പുറത്തിറങ്ങിയ അവസാന സിനിമ. സന്ദേശം, നാടോടിക്കാറ്റ് തുടങ്ങിയ ചിത്രങ്ങളും ഡയലോഗുകൾ ഒരുപ്രാവശ്യം എങ്കിലും പറയാത്ത മലയാളികൾ ഉണ്ടാകില്ല.
1956 ഏപ്രില്‍ നാലിന് തലശ്ശേരിക്കടുത്ത് പാട്യത്താണ് ജനനം. കതിരൂര്‍ ഗവ. സ്‌കൂളിലും പഴശ്ശിരാജ എന്‍എസ്എസ് കോളേജിലുമായി വിദ്യാഭ്യാസം. മദ്രാസ് ഫിലിം ചേംബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡിപ്ലോമക്ക് പഠിക്കുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തുമായി അടുപ്പത്തിലായി.
ഭാര്യ: വിമല, മക്കള്‍: വിനീത്, ധ്യാന്‍




































