ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ്മ ഇന്ത്യയെ നയിച്ചേക്കും

0

ഇംഗ്ലണ്ടിനെതിരെ ജൂണിൽ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ്മ ഇന്ത്യയെ നയിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. ന്യൂസിലൻ്റിനും ഓസ്ട്രേലിയക്കും എതിരെയുള്ള പരമ്പരകളിലെ തോൽവിയെ തുടർന്ന് ടെസ്റ്റ് ടീമിൻ്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് രോഹിതിനെ മാറ്റുമെന്നായിരുന്നു വാർത്തകൾ.  എന്നാൽ ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് തന്നെ തുടർന്നേക്കുമെന്നാണ് സൂചനകൾ.

ചാമ്പ്യൻസ് ട്രോഫി വിജയത്തെ തുടർന്ന് രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ ബിസിസിഐയ്ക്ക് കൂടുതൽ വിശ്വാസം കൈവന്നിട്ടുണെന്ന് റിപ്പോർട്ട് പറയുന്നു. ടൂർണ്ണമെൻ്റിൽ ഒരു മൽസരം പോലും തോല്ക്കാതെയാണ് ഇന്ത്യ കിരീടം നേടിയത്. ഫൈനലിൽ ഉൾപ്പടെ രോഹിത് ശർമ്മയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഇതാണ് രോഹിതിന് തുണയാവുക. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ തുടരാൻ രോഹിത് ശർമ്മയും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ഓസ്ട്രേലിയൻ പര്യടനത്തിലെ രോഹിതിൻ്റെ പ്രകടനം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. മൂന്ന് ടെസ്റ്റുകളിൽ നിന്ന് 31 റൺസ് മാത്രമായിരുന്നു അദ്ദേഹത്തിന് നേടാനായത്. മോശം ഫോമിനെ തുടർന്ന് അവസാന ടെസ്റ്റിൽ നിന്ന് വിട്ട് നില്ക്കാൻ രോഹിത് തന്നെ തീരുമാനം എടുക്കുകയായിരുന്നു. ഇതേ തുടർന്ന് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് രോഹിത് ശർമ്മ വിരമിച്ചേക്കുമെന്നും റിപ്പോർട്ടുകൾ വന്നു. എന്നാൽ ചാമ്പ്യൻസ് ട്രോഫിയിലെ വിജയത്തോടെ മുതിർന്ന താരങ്ങളുടെയടക്കം പ്രശംസയ്ക്ക് പാത്രമായിരിക്കുകയാണ് രോഹിത് ശർമ്മ. 2027ലെ ലോകകപ്പ് ടീമിൽ ഉണ്ടാകുമോ എന്ന ചോദ്യത്തിന് താൻ ഇപ്പോഴും ക്രിക്കറ്റ് ആസ്വദിക്കുന്നുണ്ട് എന്നായിരുന്നു രോഹിതിൻ്റെ മറുപടി. 2027ലേക്ക് ഇനിയുമേറെ ദൂരമുണ്ടെന്നും അതേക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും രോഹിത് പറഞ്ഞിരുന്നു.