ലക്കിടി: ലോകത്തും ഭാരതത്തിലും നിലവിലുള്ള സമുദ്ര നിയമങ്ങളില്‍ കാലാനുസൃതമായ മാറ്റം അനിവാര്യമെന്ന് അന്താരാഷ്ട്ര മാരിടൈം സെമിനാര്‍. നെഹ്‌റു അക്കാദമി ഓഫ് ലോയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ത്രിദിന സെമിനാറിലെ വിഷയങ്ങളും പ്രബന്ധങ്ങളും അന്താരാഷ്ട്ര സമുദ്ര മേഖലയില്‍ സമഗ്ര മാറ്റം ലക്ഷ്യമിടുന്നതായി.
നമ്മുടെ സമുദ്രം, നമ്മുടെ ബാധ്യത, നമ്മുടെ ഉത്തരവാദിത്തം എന്ന ടാഗ് ലൈനില്‍ നടത്തിയ മൂന്നു ദിവസത്തെ സെമിനാറില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നാവിക ഉദ്യോഗസ്ഥരും വിദഗ്ദരും പങ്കെടുത്തു. സമുദ്ര മേഖലയിലെ നിയമങ്ങളും പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ടും സുസ്ഥിര വികസനത്തെ കുറിച്ചുമുള്ള നൂറിലധികം പ്രബന്ധങ്ങള്‍ സെമിനാറില്‍ അവതരിപ്പിച്ചു.
സമുദ്രത്തിലെ കാലാവസ്ഥ പ്രശ്നങ്ങള്‍, സമുദ്രത്തിനടിയിലെ ജീവജാലങ്ങള്‍. സമുദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള മറ്റ് പ്രശ്നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയായി. സുസ്ഥിര ഷിപ്പിംഗും നീല സമ്പദ്വ്യവസ്ഥയും, സമുദ്ര പരിസ്ഥിതിയും കാലാവസ്ഥാ പ്രതിരോധശേഷിയും, സമുദ്ര സുരക്ഷ, സമുദ്ര തൊഴിലും, സുസ്ഥിര ഷിപ്പിംഗും തുടങ്ങി ലോകത്ത് സമുദ്രവുമായി ബന്ധപ്പെട്ട് നിലവിലുള്ള ഒട്ടേറെ പ്രശ്നങ്ങളില്‍ ലേകപ്രശസ്തരായ വിദഗ്ദര്‍ ക്ലാസുകള്‍ നയിച്ചു.
അടുത്തിടെ ഇന്ത്യന്‍ തീരത്ത് നടന്ന കപ്പല്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ നിരവധി ചര്‍ച്ചകളും ഉണ്ടായി. കപ്പല്‍ അപകടങ്ങളില്‍ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളും വിഷയമായി ഉയര്‍ന്നുവന്നു.
ഇന്ത്യന്‍ നാവികസേന മുന്‍ ഉപമേധാവിയും നാഷണല്‍ മാരിടൈം സെക്യൂരിറ്റി കോ-ഓര്‍ഡിനേറ്ററും ആയ വൈസ് അഡ്മിറല്‍ ജി അശോക് കുമാര്‍ ആണ് മൂന്നുദിവസത്തെ സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.
പി കെ ദാസ് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാന്‍സലര്‍ അഡ്വ. ഡോ. പി കൃഷ്ണദാസ്, പ്രോ-ചാന്‍സലര്‍ ഡോ. പി കൃഷ്ണകുമാര്‍, ഗുജറാത്ത് നാഷണല്‍ ലോ യൂണിവേഴ്സിറ്റിയുടേയും ഗുജറാത്ത് മരീടൈം യൂണിവേഴ്സിറ്റിയുടേയും ഡയറക്ടറായ പ്രൊഫ. ഡോ. എസ് ശാന്തകുമാര്‍, ഇന്റര്‍നാഷണല്‍ ലോ ഫേം സീനിയര്‍ കൗണ്‍സില്‍ അഡ്വ. വി ജെ മാത്യു, ഷിപ്പ് സര്‍വേയര്‍ കം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗ് ഷിതേഷ് രഞ്ജന്‍, മാള്‍ട്ടയിലെ ഐഎംഒ ഇന്റര്‍നാഷണല്‍ മരീടൈം ലോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. സഞ്ജീവ് റുഹാല്‍, സ്‌കൂള്‍ ഓഫ് മരീടൈം ലോ, പോളിസി ആന്റ് അഡ്മിനിസ്ടേഷന്‍ ഗുജറാത്ത് മരീടൈം യൂണിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. അഭയ് സിംഗ് താക്കൂര്‍, യുഎഇയിലെ എക്സ്പര്‍ട്ട് യുണൈറ്റഡ് മറൈന്‍ സര്‍വീസസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഫൗണ്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ എന്‍ എം പണിക്കര്‍, വിഴിഞ്ഞം അദാനി പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് സ്പെഷ്യല്‍ ഓഫീസറും അദാനി ഓര്‍ഗനൈസേഷന്‍സ് മുന്‍ കോര്‍പ്പറേറ്റ് മേധാവിയുമായിരുന്ന ജിതേന്ദ്രന്‍ കിണറ്റിന്‍കര, കൊച്ചി യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. ബിനുമോള്‍ കെ, ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് ഡയറക്ടറേറ്റ് ഓഫ് ലോയിലെ ലോ ഓഫീസര്‍ കമാണ്ടന്റ് ആശ ദഹിയ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.
സമാപന സമ്മേളനം ചെന്നൈ സവിത സ്‌കൂള്‍ ഓഫ് ലോ യിലെ അസോസിയേറ്റ് ഡീന്‍ പ്രൊഫ. ഡോ. ജേക്കബ് ജോസഫ് ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഇന്‍ഡിപെന്റന്റ് ഡയറക്ടര്‍ കെ എ സൈമണ്‍ മുഖ്യാതിഥിയായി. പ്രിന്‍സിപ്പാള്‍ ഡോ. സോണി വിജയന്‍ സെമിനാര്‍ ക്രോഡീകരിച്ചു സംസാരിച്ചു.