തൃശൂർ – കുറ്റിപ്പുറം കെ.എസ്.ടി.പി റോഡ് നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ സ്ഥലം സന്ദർശിച്ചു. ഫെബ്രുവരി 20 നകം റോഡിന്റെ എല്ലാ നിർമ്മാണ പ്രവൃത്തികളും പൂർണ്ണമായും പൂർത്തീകരിക്കാൻ സാധിക്കുമെന്ന് കെഎസ്ടിപി ഉദ്യോഗസ്ഥർ അറിയിച്ചു.
നിലവിൽ ഡിബിഎം നിർമ്മാണവും പിക്യുസി നിർമ്മാണവും കലുങ്കുകളുടെ നിർമ്മാണവും ചെറുപാലങ്ങളുടെ നിർമ്മാണവും നൂറ് ശതമാനം പൂർത്തീകരിച്ചതായി കെഎസ്ടിപി ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ ഓടകൾ, സംരക്ഷണ ഭിത്തി, ഷോൾഡർ ബലപ്പെടുത്തൽ, ബസ് ഷെൽട്ടർ, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കൽ, ഫൂട്ട്പാത്ത് തുടങ്ങിയവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്നും കെഎസ്ടിപി അധികൃതർ അറിയിച്ചു.
ബാക്കി നിർമ്മാണ പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കുന്നതിനുള്ള നടപടികൾ കെ.എസ്.ടി.പി ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ രൂപീകരിച്ച ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംയുക്തസമിതി എല്ലാ മാസവും അവലോകനം നടത്തുന്നുണ്ട്.
കെഎസ്ടിപി അസിസ്റ്റന്റ് എഞ്ചിനീയർ കെ.എം മനോജ്, കോൺട്രാക്ട് പ്രോജക്ട് മാനേജർ ശ്രീരാജ് എന്നിവരും കളക്ടറോടൊപ്പം സ്ഥലസന്ദർശനത്തിനുണ്ടായിരുന്നു




































