വിദേശ പര്യടനങ്ങളിൽ ടീമംഗങ്ങളുടെ കുടുംബത്തെയും ഒപ്പം കൊണ്ടു പോകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ബിസിസിഐ ഇളവ് വരുത്തിയേക്കും. താരങ്ങൾ മുൻകൂറായി ബിസിസിഐയുടെ പ്രത്യേക അനുമതി നേടിയാൽ കുടുംബത്തെ ഒപ്പം കൂട്ടാൻ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ബിസിസിഐയുടെ പുതിയ നിയന്ത്രണങ്ങളിൽ മുതിർന്ന താരം വിരാട് കോഹ്ലി നിരാശ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ മാറ്റങ്ങളെന്നാണ് റിപ്പോർട്ട്.
ഓസ്ട്രേലിയൻ പര്യടനത്തിലെ മോശം പ്രകടനത്തെ തുടർന്നായിരുന്നു വിദേശ പര്യടനങ്ങളിൽ താരങ്ങൾ കുടുംബത്തെയും ഒപ്പം കൂട്ടുന്നതിൽ ബിസിസിഐ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. 45 ദിവസത്തിൽ കൂടുതലുള്ള വിദേശ പര്യടനങ്ങളിൽ ഇനി മുതൽ പരമാവധി രണ്ടാഴ്ചയും അതിൽ താഴെയുള്ള പരമ്പരകളിൽ ഒരാഴ്ചയും മാത്രമെ കുടുംബത്തെ കൂടെ കൂട്ടാൻ അനുവദിക്കൂ എന്നായിരുന്നു ബിസിസിഐയുടെ തീരുമാനം.
തുടക്കം മുതൽ താരങ്ങൾക്ക് ഇതിനോട് എതിർപ്പുണ്ടായിരുന്നു. എന്നാൽ ആരും പരസ്യമായി അത് പ്രകടിപ്പിച്ചില്ലെന്ന് മാത്രം. ഐപിഎലിന് മുന്നോടിയായി ആർസിബി നടത്തിയ സമ്മിറ്റിനിടെ കോഹ്ലിയുടെ മറുപടിയോടെയാണ് ഇത് വീണ്ടും ചർച്ചാ വിഷയമായത്.
കളിക്കാരനെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ കഴിഞ്ഞാല്‍ കുടുംബത്തോടൊപ്പം കഴിയാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നായിരുന്നു കോഹ്ലി പറഞ്ഞത്. ഏത് കളിക്കാരനോട് ചോദിച്ചാലും ഇത് തന്നെയായിരിക്കും മറുപടിയെന്നും കോഹ്ലി പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ബിസിസിഐ പുതിയ നിയന്ത്രണങ്ങളിൽ ചില ഇളവുകൾക്ക് ഒരുങ്ങുന്നത്. ബിസിസിഐ അനുവദിച്ച പരിധി കഴിഞ്ഞും കുടുംബത്തെ ഒപ്പം നിർത്തണമെന്നുണ്ടെങ്കിൽ താരങ്ങൾക്ക് ബിസിസിഐയുടെ അനുമതി തേടാവുന്നതാണ്. തുടർന്ന് ബിസിസിഐ അനുയോജ്യമായ തീരുമാനങ്ങൾ എടുക്കുമെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.