കൂലി കിട്ടാത്ത തൊഴിലാളികൾക്ക് എതിരായ സൈബർ ആക്രമണം അന്വേഷിക്കണം: കെ. യു. ഡബ്ലു. ജെ

0

പണിയെടുത്ത കൂലിക്ക് വേണ്ടി സഹന സമരം നടത്തുന്ന മാധ്യമം ജീവനക്കാരെ സാമൂഹിക മാധ്യമങ്ങളിലൂടെ ക്രൂശിക്കാൻ നടക്കുന്ന മനുഷ്യത്വ രഹിതമായ ആസൂത്രിത ഗൂഢാലോചനയും ശ്രമങ്ങളും അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.

ജീവനക്കാരുടെ മതപരമായ ഐഡൻ്റിറ്റിയും മറ്റു വിശ്വാസങ്ങളുമൊക്കെ തെറ്റാവുന്ന നിലയിൽ ചിത്രീകരിക്കുന്ന സൈബർ പ്രചാരണം സാമൂഹിക അന്തരീക്ഷം തന്നെ വഷളാക്കുന്ന വിധത്തിലാണ് ആഴ്ചകളായി സാമൂഹിക മാധ്യമങ്ങളിൽ കൊടുമ്പിരി കൊള്ളുന്നത്. അഞ്ചു മാസം പിന്നിട്ട ശമ്പള കുടിശ്ശികയിൽ പ്രതിഷേധിക്കുന്ന തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി എത്തിയ കക്ഷിഭേദമന്യേയുള്ള മുതിർന്ന ട്രേഡ് യൂണിയൻ നേതാക്കളെ പോലും ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്ന വിധത്തിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന പൊലീസ് അന്വേഷിക്കണം.

മാനേജ്മെൻ്റ് തലത്തിൽ മാത്രം ലഭ്യമാവുന്ന ചില വിവരങ്ങളുടെ ദുർ വ്യാഖ്യാനങ്ങളാണ് ഇവയിൽ ചിലതെല്ലാം എന്നത് വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. മാനേജ്മെൻ്റ് അറിവോടെയല്ല ഈ പ്രചാരണങ്ങൾ എങ്കിൽ അവയെ പരസ്യമായി തള്ളിപ്പറയാനും കുറ്റക്കാരായ സൈബർ പോരാളികൾക്ക് എതിരെ കേസ് കൊടുത്ത് തൊഴിലാളികളോട് മാപ്പ് പറയാനും ബന്ധപ്പെട്ടവർ തയാറാവണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.