ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെൻ്റ് കീ ഹോൾ ശസ്ത്രക്രിയ വിജയകരമായി നടത്തുന്ന രണ്ടാമത്തെ ജനറൽ ആശുപത്രി
മൂന്നര വർഷത്തിനകം നാലായിരം ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ സുവർണ്ണ നിമിഷത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കി തൃശ്ശൂർ ജനറൽ ആശുപത്രി കാത് ലാബ്. കേരള ആരോഗ്യ വകുപ്പിന്റെ ( ഡി.എച്ച്.എസ്) കീഴിൽ എറണാകുളം ജനറൽ ആശുപത്രിക്ക് ശേഷം ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് (ടി എ വി ആർ) ശസ്ത്രക്രിയ വിജയകരമാക്കി പൂർത്തീകരിച്ച കേരളത്തിലെ രണ്ടാമത്തെ ആശുപത്രിയായി തൃശ്ശൂർ ജനറൽ ആശുപത്രിയെ മാറ്റിയെടുത്തിരിക്കുകയാണ് തൃശ്ശൂർ ജനറൽ ആശുപത്രി കാർഡിയോളജി വിഭാഗം. 2022 ലാണ് കാത് ലാബ് ജനറൽ ആശുപത്രിയിൽ പ്രവർത്തനമാരംഭിച്ചത്.
ഇന്റർവെൻഷണൽ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ ഏറ്റവും ചിലവേറിയതും സങ്കീർണ്ണവുമായ കീ ഹോൾ ശസ്ത്രക്രിയയാണ് ട്രാൻസ് കത്തീറ്റർ അയോർട്ടിക് വാൽവ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയ.
ശ്വാസതടസത്തെയും നെഞ്ചുവേദനയെയും തുടർന്ന് അഡ്മിറ്റായ കൊമ്പാഴ ഇന്നതിയിലെ 68 വയസ്സുകാരനായ മാധവൻ എന്ന രോഗിക്കാണ് ഈ ശസ്ത്രക്രിയ ഫലപ്രദമായി പൂർത്തിയാക്കാൻ സാധിച്ചത്. എക്കോ കാർഡിയോഗ്രാം, സി.ടി സ്കാൻ എന്നിങ്ങനെയുള്ള പരിശോധനകളിലൂടെ ഹൃദയത്തിന്റെ അയോർട്ടിക് വാൽവിന് ഗുരുതരമായ ചുരുക്കം കണ്ടുപിടിക്കുകയും തുടർന്ന് ട്രിമെൻഷ്യോ പരിശോധന വഴി സ്ഥിരീകരിച്ച് ഫിറ്റ്നസ് പരിശോധനകൾക്കുശേഷം രോഗി ശസ്ത്രക്രിയക്ക് വിധേയമാക്കാവുന്ന സുരക്ഷിത ഘട്ടത്തിലാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
ആവശ്യമായ തുടർ പ്രവർത്തനങ്ങൾക്കായി തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗ്ഗീസ്, ഡി.എം.ഒ ഡോ. ടി.പി. ശ്രീദേവി എന്നിവരിൽ നിന്നും അനുമതി വാങ്ങി. ആറു മാസത്തോളം നീണ്ട മുന്നൊരുക്കങ്ങൾക്കും പൂർണ്ണ പിന്തുണ നൽകി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. താജ്പോൾ പനയ്ക്കൽ, ആർ.എം.ഒ ഡോ. നോബിൾ ജെ. തൈക്കാട്ടിൽ, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരും ശസ്ത്രക്രിയയുടെ വിജയകരമായ നടത്തിപ്പിൽ പങ്കാളികളായി. 14 ലക്ഷത്തോളം ചിലവ് വരുന്ന ശസ്ത്രക്രിയ ട്രൈബൽ ഫണ്ട് മുഖേന സൗജന്യമായാണ് രോഗിക്ക് ചികിത്സ നൽകിയത്.
എല്ലാവിധ അനുമതികളോടും മുന്നൊരുക്കങ്ങളോടും തയ്യാറെടുപ്പുകളോടുംകൂടി രോഗിയെ ഓഗസ്റ്റ് 28 ന് ശസ്ത്രക്രിയക്ക് വിധേയമാക്കി. ഹൃദയ ശസ്ത്രക്രിയാ രംഗത്തെ അതി വിദഗ്ദ്ധനായ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഷഫീഖ് മാട്ടുമ്മേലിന്റെ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിലെ കാർഡിയോളജിസ്റ്റു മാരായ ഡോ. വിവേക് തോമസ്, ഡോ. കൃഷ്ണ കുമാർ എന്നിവർ ശസ്ത്രക്രിയ നിർവ്വഹിച്ചു. ഇവരോടൊപ്പം കാർഡിയാക് അനസ്തേഷ്യ സർജൻ ഡോ. സാജൻ കെ. സെബാസ്റ്റ്യൻ, കാർഡിയോ തൊറാസിക് സർജൻ ഡോ. നിവിൻ ജോർജ്, കാർഡിയോ വാസ്ക്കുലാർ സർജൻ ഡോ. വിനീത് കുമാർ, എന്നിവരും കൂട്ടായ പ്രവർത്തന ത്തിന്റെ ഭാഗമായി.
അനസ്തേഷ്യയുടെ സഹായത്തോടെ ശസ്ത്രക്രിയാ സമയത്ത് പ്രത്യേകമായി രൂപകല്പന ചെയ്ത പുതിയ അയോർട്ടിക് വാൽവുള്ള കത്തീറ്റർ കാലിലെ രക്തക്കുഴലിലൂടെ മഹാധമനിയിലേക്ക് എത്തിക്കുകയും തുടർന്ന് അവിടെ വച്ച് പുതിയതായി സ്ഥാപിച്ച വാൽവിനെ വിന്യസിക്കുകയും വികസിപ്പിക്കുകയും ചെയ്തു. രണ്ടര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്ക് മുമ്പും ശേഷവും ശസ്ത്രക്രിയയി ലുടനീളവും രോഗിക്ക് യാതൊരു ബുദ്ധിമുട്ടുകളും കൂടാതെ ശസ്ത്രക്രിയ പൂർത്തിയാക്കുവാൻ കാത് ലാബ് ടീം അംഗങ്ങൾക്ക് സാധിച്ചു.
കാത് ലാബ് ടെക്‌നിഷ്യന്മാരായ ശ്രീലക്ഷ്മി, ദിവ്യ, സ്ക്രബ് നഴ്‌സ് ജിന്റോ ജോസ്, ശ്രുതി രാജേഷ്, ബ്രിസ്റ്റോ ഷാജു, കെ.ജെ ജെസ്സി, ഷഹീദ എന്നിവരും ശസ്ത്രക്രിയയുടെ ഭാഗമായി. സീനിയർ നഴ്സിംഗ് ഓഫീസർ ബിന്ദു മനോജ്, കാർഡിയോളജി ജൂനിയർ മെഡിക്കൽ ഓഫീസർമാരായ ഡോ. ആദർശ്, ഡോ. നൗറസ്, ഡോ. അശ്വതി എന്നിവരും ശസ്ത്രക്രിയയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
ശസ്ത്രക്രിയക്ക് ശേഷം രോഗിയെ സി.സി.യുവിലേക്കു മാറ്റി രണ്ടാം ദിവസം ഹൃദയത്തിന്റെ മിടിപ്പ് ശരിയായ രീതിയിൽ നിലനിർത്തുന്നതിനും വേണ്ടി സർജറി വിഭാഗം വിദഗ്ധനായ ഡോ. മനോജിന്റെ സഹകരണത്തോടെ പേസ്മേക്കർ ശസ്ത്രക്രിയയും നടത്തി. സങ്കീർണ്ണതകളൊന്നുമില്ലാതെ രോഗി സുഖം പ്രാപിച്ചു വരുന്നു.
ഇക്കഴിഞ്ഞ ആറുമാസത്തോളം നീണ്ട പരിശ്രമങ്ങളുടെ വിജയത്തിളക്കത്തിൽ കാത് ലാബ് അതിന്റെ പ്രവർത്തനങ്ങൾ തുടരുന്നു. ഇതുവരെ പൂർത്തിയാക്കിയ വിവിധതരം ശസ്ത്രക്രിയകളിലെ ഏറ്റവും ചിലവേറിയതും സങ്കീർണ്ണവുമായ ശസ്ത്രക്രിയ എന്ന പൊൻതൂവൽകൂടി ഇതോടെ തൃശ്ശൂർ ജനറൽ ആശുപത്രി കാത് ലാബ് സ്വന്തമാക്കി.