തീരദേശ മേഖലയ്ക്ക് കരുത്തായി രാജ്യത്തെ പ്രഥമ ഫിഷറീസ് സർവകലാശാലയായ കേരള മത്സ്യബന്ധന സമുദ്ര ഗവേഷണ സര്‍വ്വകലാശാല(കുഫോസ്)യുടെ മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രം ഇനി ചാവക്കാടും. ചാവക്കാട് നഗരസഭയിലെ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍, പുത്തന്‍കടപ്പുറം കോമ്പൗണ്ടില്‍ ആരംഭിക്കുന്ന വൈജ്ഞാനിക കേന്ദ്രത്തിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.
മത്സ്യത്തൊഴിലാളികളും തീരദേശ നിവാസികളും തിങ്ങിപ്പാര്‍ക്കുന്ന ഗുരുവായൂര്‍ മണ്ഡലത്തില്‍ ഫിഷറീസ് സര്‍വ്വകലാശാലയായ കുഫോസിന്റെ ഒരു വൈജ്ഞാനിക കേന്ദ്രം തുടങ്ങണമെന്ന ആവശ്യം സാംസ്കാരിക മത്സ്യബന്ധന, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ നയിച്ച തീരസദസ്സിൽ ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് ചെലവഴിച്ച് വൈജ്ഞാനിക കേന്ദ്രത്തിനായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതും ഫിഷറീസ് വകുപ്പില്‍ നിന്ന് 25 ലക്ഷം രൂപ ചെലവിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ഫര്‍ണീച്ചറും അനുവദിച്ചതും.
മെയിന്റനന്‍സ് ഓഫ് മറൈന്‍ എഞ്ചിന്‍, അക്വേറിയം സെറ്റിംഗ് ആന്റ് മെയിന്റനന്‍സ്, ഫിഷ് പ്രോസസിംഗ് ആന്റ് വാല്യു ആഡഡ് പ്രോജക്ട്സ്, സീ റെസ്ക്യൂ ആന്റ് ലൈഫ് ഗാര്‍ഡ്, മൂറിംഗ് ക്രൂ ലാസ്കര്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമിംഗ് തുടങ്ങിയ കോഴ്സുകളാണ് മത്സ്യ സമുദ്ര വൈജ്ഞാനിക കേന്ദ്രത്തിൽ ആരംഭിക്കുന്നത്. കോഴ്‌സുകളുടെ വിവരങ്ങൾ www.kufos.ac.in എന്ന വെബ്സൈറ്റില്‍ നിന്നും ലഭിക്കും.
ഗുരുവായൂർ നിയോജകമണ്ഡലത്തിലെയും തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെയും നിരവധി വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്നതാണ് സ്ഥാപനം. മത്സ്യബന്ധനത്തിലും സമുദ്രപഠനത്തിലും ഉന്നത പഠനം സാധ്യമാക്കുന്നതിന് പുറമെ ഫിഷറീസ് മേഖലയെ അന്താരാഷ്ട്രതലത്തിൽ ഉയർത്തുന്നതിനായി മത്സ്യബന്ധന, സമുദ്ര പഠനങ്ങളിൽ പ്രൊഫഷണലായും സാങ്കേതികമായും കഴിവുള്ള യുവതലമുറയെ സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്.




































