ജീവന്‍ തിരികെ തന്നവര്‍ക്കൊപ്പം
മധുരം പങ്കിട്ട് ജയഗോപാല്‍
നന്ദി പറഞ്ഞ് മതിയാവാതെ ജയഗോപാലും ഭാര്യ മായയും കേക്കുമായി എത്തി. കാന്‍സര്‍ എന്ന മഹാ രോഗത്തില്‍ നിന്ന് തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിച്ച വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജിലേക്ക്. തന്നെ ചികിത്സിക്കുകയും പരിചരിക്കുകയും ധൈര്യം പകരുകയും ചെയ്ത് കൂടെ നിന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍, മാനേജ്‌മെൻ്റ് എന്നിവരോടൊപ്പം മധുരം പങ്കിടാന്‍.
ഹോഡ്ജ്കിന്‍ ലിംഫോമാനിയ എന്ന് കാന്‍സര്‍ ആയിരുന്നു വാണിയംകുളം സ്വദേശി ജയഗോപാലിൻ്റെ രോഗം. ഏറെ തളര്‍ന്ന് പ്രതീക്ഷ വറ്റിയ അവസ്ഥയില്‍ പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ എത്തിയതാണ്. സാന്ത്വനവും കരുണയും പകര്‍ന്ന ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സംഘം നല്‍കിയ ധൈര്യമാണ് കീമോ അടക്കമുള്ള ചികിത്സകളെ നേരിടാന്‍ ജയഗോപാലിന് തുണയായത്.
തുടര്‍ച്ചയായ ചികിത്സ, കൃത്യമായ കൗണ്‍സലിംഗ്, പ്രത്യേക പരിചരണം.. രോഗത്തില്‍ നിന്ന് അകന്ന് മെല്ലെ ജീവിതത്തിലേക്ക്. പ്രത്യക്ഷത്തില്‍ ഇപ്പോള്‍ ശബ്ദത്തിന് മാത്രമാണ് ചെറിയ തകരാര്‍ ഉള്ളത്. വൈകാതെ അതും ശരിയാവുന്നതോടെ സാധാരണ ജീവിതം.
ഇവിടുത്തെ പോലുള്ള സ്‌നേഹവും ചികിത്സയും ഉണ്ടെങ്കില്‍ ഒരു രോഗത്തേയും പേടിക്കേണ്ടതില്ലെന്ന് ജയഗോപാലും ഭാര്യ മായയും പറഞ്ഞു.