യുവജനങ്ങൾ മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്തണം: മന്ത്രി ആർ. ബിന്ദു

0

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ആഗോളതലത്തിൽ മനുഷ്യരാശി നേരിടുന്ന വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ യുവജനങ്ങളുടെ കഴിവുകൾ വളർത്തുകയും മാനവിക മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും വേണമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു.

ആരോഗ്യവകുപ്പും നാഷണൽ സർവീസ് സ്കീമും (എൻ.എസ്.എസ്) സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര യുവജന ദിനാചരണത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സാമൂഹ്യ പ്രതിബദ്ധതയും മാനവിക മൂല്യങ്ങളും ശക്തിപ്പെടുത്തുകയാണ് എൻ.എസ്.എസ് പോലുള്ള സംഘടനകൾ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ആരോഗ്യവകുപ്പും എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ചേർന്ന് എച്ച്.ഐ.വി ഉൾപ്പെടെയുള്ള ലൈംഗികമായി പകരുന്ന രോഗങ്ങളും മാരകമായ ശ്വാസകോശ രോഗങ്ങളും ഇല്ലായ്മ ചെയ്യുന്നതിനായി ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായി യുവജനങ്ങളെ പങ്കാളികളാക്കി വരുന്നുണ്ട്. ക്യാമ്പസുകളിൽ സ്നേഹവും സൗഹൃദവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി യുവജനങ്ങൾ നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ മുഖ്യാതിഥിയായി. തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ റാലി ഫ്ലാഗ് ഓഫ് ചെയ്തു. കേരള സംസ്ഥാന സൊസൈറ്റി പ്രൊജക്റ്റ് ഡയറക്ടർ ഡോ കെ. സക്കീന വിഷയാവതരണം നടത്തി.

വിദ്യാർത്ഥികളിൽ എച്ച്.ഐ.വിയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച യുവജന പരിപാടിയിലെ സംസ്ഥാനതല മത്സരങ്ങളായ റെഡ് റൺ മാരത്തോണിൻ്റെയും റെഡ് റിബൺ ക്വിസ് മത്സരത്തിലെയും വിജയികൾക്കുള്ള സമ്മാനദാനം ചടങ്ങിൽ നടന്നു.

ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീജ എൻ.എ, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസർ ഡോ. ആർ. അൻസാർ, തൃശൂർ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. ഷാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഹീം വീട്ടിപറമ്പിൽ, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ റെജി വി. ജോയ്, ജില്ലാ എയ്ഡ്സ് നിയന്ത്രണ ഓഫീസർ അജയ് രാജൻ എന്നിവർ പങ്കെടുത്തു