64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ സംഘാടക സമിതി രൂപീകരിച്ചു

0

പൂരങ്ങളുടെ നാട്ടിൽ 2026 ജനുവരി 7 മുതൽ 11 വരെ അരങ്ങേറുന്ന, കലകളുടെ പൂരമായ 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ നടത്തിപ്പിനായി 19 ഉപസമിതികളടങ്ങുന്ന സംഘാടകസമിതി രൂപീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി യോഗം ഉദ്ഘാടനം ചെയ്തു.

25-ഓളം വേദികളിലായി 240-ൽ പരം ഇനങ്ങളിൽ 14,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കും. മേളയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചതെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. സ്കൂൾതല മത്സരങ്ങൾ ഒക്ടോബർ 10-നകവും, സബ്ജില്ലാതല മത്സരങ്ങൾ ഒക്ടോബർ അവസാനവാരത്തിലും, ജില്ലാതല മത്സരങ്ങൾ നവംബർ 30-നകവും പൂർത്തിയാക്കും.

തുടർച്ചയായി മൂന്നുവർഷം വിധികർത്താക്കളായി വന്നവരെ ഈ വർഷം മുതൽ ഒഴിവാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭക്ഷണത്തിനും താമസത്തിനും തൃശ്ശൂരിൽ എത്തുന്ന ആർക്കും ഒരു കുറവും വരുത്താതെ നോക്കണം. കലോത്സവത്തിൻ്റെ ഭക്ഷണവിതരണത്തിന് ആവശ്യമായ പച്ചക്കറികളും മറ്റു വിഭവങ്ങളും ഓരോ വിദ്യാർത്ഥിയുടെയും വീട്ടിൽനിന്ന് ശേഖരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ട്.

തൃശ്ശൂരിലെ പരമാവധി സ്കൂളുകളിൽ സ്വർണ്ണക്കപ്പുമായി യാത്ര നടത്തുന്നതും പരിഗണനയിലുണ്ട്. എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ കുട്ടികളെ കലോത്സവം കാണുവാനും ആസ്വദിക്കുവാനും വേദിയിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കാൻ അധ്യാപകർക്ക് നിർദ്ദേശം നൽകി. കലോത്സവവുമായി ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായം ഉൾക്കൊള്ളാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ കോർപ്പറേഷൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന യോഗത്തിൽ റവന്യൂ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ അധ്യക്ഷത വഹിച്ചു. ഈ കലോത്സവത്തിൽ തൃശ്ശൂരിലെ സ്കൂളുകളിൽ പഠിക്കുന്ന എല്ലാ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും പങ്കാളികളാക്കുമെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. വിശ്രമമില്ലാത്ത ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ കലോത്സവം വിജയകരമായി സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉന്നതവിദ്യാഭ്യാസ, സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ചടങ്ങിൽ മുഖ്യാതിഥിയായി. കലോത്സവത്തിന് ആതിഥേയത്വം വഹിക്കാൻ ഏറ്റവും അനുയോജ്യമായ നഗരമാണ് തൃശ്ശൂർ എന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു. കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന ഓരോ കുട്ടിക്കും ഏറ്റവും സൗഹൃദപരമായ സൗകര്യമൊരുക്കി, ആർക്കും പരാതിക്ക് ഇടനൽകാതെ മേള സംഘടിപ്പിക്കും.

പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. എസ്. ചിത്ര സംഘാടക സമിതി ഘടന അവതരിപ്പിച്ചു. മേയർ എം.കെ. വർഗീസ്, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, എ.സി. മൊയ്തീൻ, ഇ.ടി. ടൈസൺ മാസ്റ്റർ, വി.ആർ. സുനിൽകുമാർ, കെ.കെ. രാമചന്ദ്രൻ, സേവ്യർ ചിറ്റിലപ്പള്ളി, എൻ.കെ. അക്ബർ, ടി.ജെ. സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ്, മുൻമന്ത്രി വി.എസ്. സുനിൽകുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, നിയുക്ത പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ്, ജില്ലാ കളക്ടർ വി.ആർ. അർജുൻ പാണ്ഡ്യൻ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, കേരള സംഗീത നാടക അക്കാദമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.

വിദ്യാർത്ഥികളുടെ ഗാർഡ് ഓഫ് ഓണറോടു കൂടിയാണ് വിശിഷ്ടാതിഥികളെ വേദിയിലേക്ക് ആനയിച്ചത്. യോഗത്തിന് മുന്നോടിയായി സ്കൂൾ വിദ്യാർത്ഥികൾ വിവിധ കലാരൂപങ്ങൾ അവതരിപ്പിച്ചു.