ശമ്പള കുടിശ്ശിക അഞ്ചാം മാസവും പിന്നിട്ട് ജീവിതം വഴിമുട്ടിയ മാധ്യമം ജീവനക്കാർ നടത്തുന്ന സഹനത്തിൻ്റെ പട്ടിണിക്കഞ്ഞി നോമ്പ് തുറ സമരത്തോട് കേരള പത്രപ്രവർത്തക യൂണിയൻ ഐക്യദാർഢ്യപ്പെടുന്നു. സമസ്ത ലോകത്തെയും ഇസ്ലാമിക വിശ്വാസികൾ വലിപ്പ ചെറുപ്പമില്ലാതെ നോമ്പ് തുറക്ക് ഒരുമിച്ച് ഇരിക്കുമ്പോൾ തെരുവോരത്ത് കഞ്ഞി കുടിച്ച് നോമ്പ് തുറക്കേണ്ടി വരുന്ന സഹപ്രവർത്തകരുടെ ദുരിതം സമാനതകൾ ഇല്ലാത്ത ദുരവസ്ഥയാണ് വരച്ചിടുന്നത്.
സമ്പന്നൻ തൻ്റെ സാമ്പത്തിക വിഹിതം ദരിദ്രന് കൂടി പങ്ക് വെച്ച് അവരുടെ നോമ്പും സമൃദ്ധമാക്കണമെന്നാണ് പ്രവാചക പാഠം. ഇഫ്താർ സംഗമങ്ങൾ സാഹോദര്യത്തിൻ്റെ മഹത്തായ സന്ദേശമാണ് പകർന്നു നൽകേണ്ടത്. എന്നാൽ, നോമ്പിൻ്റെ വിശുദ്ധ നാളിലും അടിച്ചമർത്തലിൻ്റെയും സാമ്പത്തിക ഉപരോധത്തിൻ്റെയും വഴി തന്നെ പിന്തുടരാനാണ് മാനേജ്മെൻ്റ് ശ്രമം എന്നത് അത്യന്തം ഖേദകരവും പ്രതിഷേധകരവുമാണ്.
ഈ സാഹചര്യത്തിൽ ജമാഅത്തെ ഇസ്ലാമിയുടെയും പോഷക സംഘടനകളുടെയും ഇഫ്താർ സംഗമങ്ങൾ സാഹോദര്യത്തിൻ്റയോ സമത്വത്തിൻ്റെയോ വേദിയായി കാണാൻ കഴിയില്ല. അത് നീതിനിഷേധത്തിൻ്റെ തുറകളാണ്. അതിനാൽ, ദുരിതമനുഭവിക്കുന്ന മാധ്യമത്തിലെ സഹപ്രവർത്തകരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജമാഅത്തെ ഇസ്ലാമിയുടെയും പോഷക സംഘടനകളുടെയും ഇഫ്താർ സംഗമങ്ങളിൽ നിന്ന് വിട്ടു നിൽക്കാൻ കേരളത്തിലെ മുഴുവൻ മാധ്യമ പ്രവർത്തകരോടും മാധ്യമ സമൂഹത്തോടും കേരള പത്രപ്രവർത്തക യൂണിയൻ ആഹ്വാനം ചെയ്യുന്നു.



































