പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമ്പോള്‍ ആനുപാതികമായ വിലവര്‍ധനവ് ആവശ്യപ്പെട്ട് ഇന്ത്യയിലെ എണ്ണക്കമ്പനികള്‍. ലോകമെങ്ങും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നിട്ടും ഇന്ത്യയില്‍ മാത്രം വില കൂട്ടിയിട്ടില്ല. തങ്ങളുടെ നിലനില്‍പ്പിന് വില വര്‍ധനവ് അവശ്യമാണെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ് എണ്ണക്കമ്പനികള്‍.
യുദ്ധം തുടങ്ങിയ ശേഷം വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്കും പ്രീമിയം പെട്രോളിനും മാത്രമാണ് രാജ്യത്ത് വില വര്‍ധിച്ചത്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ നേരിയ വര്‍ധനവും വരുത്തി.
ക്രൂഡ് ഓയില്‍ വില ബാരലിന് 126 ഡോളര്‍ എന്ന സര്‍വകാല നിലയിലേക്ക് ഉയര്‍ന്നിട്ടും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. എക്‌സൈസ് തീരുവ 10 രൂപ കുറച്ചാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
എന്നാല്‍ ക്രൂഡ് വിലയും ക്ഷാമവും മൂലം പിടിച്ചു നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് എല്ലാ എണ്ണക്കമ്പനികളും രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. എന്നാല്‍ തത്ക്കാലം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് ജോയിന്റ് സെക്രട്ടറി സുജാത ശര്‍മ അറിയിച്ചു. വില കൂട്ടാതിരിക്കാനാവില്ലെന്ന സ്ഥിതിയാണെന്ന് ധനമന്ത്രാലയത്തിന്റെ നിരീക്ഷണം ഉണ്ടെങ്കിലും തത്ക്കാലം വില വര്‍ധിപ്പിക്കേണ്ടെന്ന നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സര്‍ക്കാരും.




































