കര്‍ശന മുന്‍കരുതലുകളുമായി ജില്ലാ ഭരണകൂടം
തൃശ്ശൂര്‍ ജില്ലയില്‍ കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ജൂണ്‍ 11-ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള 2025-ലെ കാലവര്‍ഷ-തുലാവര്‍ഷ മുന്നൊരുക്ക ദുരന്തപ്രതികരണ മാര്‍ഗ്ഗരേഖ (ഓറഞ്ച് ബുക്ക്) പ്രകാരം ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന അതിശക്തമായ മഴ മണ്ണിടിച്ചില്‍, വെള്ളക്കെട്ട്, മലവെള്ളപ്പാച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവരെയും, വിദഗ്ദ്ധസമിതി കണ്ടെത്തിയ ദുരന്തസാധ്യതാ മേഖലകളില്‍ ഉള്ളവരെയും മുന്‍കൂട്ടി ക്യാമ്പുകളിലോ ബന്ധുവീടുകളിലോ പകല്‍ സമയത്തുതന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട്. ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ സുരക്ഷ കമ്പനി മാനേജര്‍മാര്‍ ഉറപ്പാക്കാന്‍ തഹസില്‍ദാര്‍മാര്‍ നിര്‍ദ്ദേശം നല്‍കണം. വരും ദിവസങ്ങളിലെ ദിനാന്തരീക്ഷാവസ്ഥയും കാലാവസ്ഥാ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
നഗരങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആക്ഷന്‍ പ്ലാനുകള്‍ നടപ്പിലാക്കും. റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളില്‍ അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ശക്തമായ കാറ്റില്‍ അപകടമുണ്ടാക്കാന്‍ സാധ്യതയുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ അടിയന്തിരമായി നീക്കം ചെയ്യും. കെ.എസ്.ഇ.ബി പോസ്റ്റുകളുടെയും ട്രാന്‍സ്‌ഫോര്‍മറുകളുടെയും സുരക്ഷ ഉറപ്പാക്കുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കുകയും ചെയ്യണം.
രാത്രികാലങ്ങളില്‍ മഴ തുടര്‍ന്നാല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള റോഡുകളില്‍ ആവശ്യമെങ്കില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. താലൂക്ക്, തദ്ദേശ സ്വയംഭരണ തലങ്ങളിലെ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. നദികളിലെയും ഡാമുകളിലെയും ജലനിരപ്പ് ഉയരുന്നത് ഓരോ മണിക്കൂറിലും ജില്ലാ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കേണ്ടതാണ്. വിനോദസഞ്ചാരികള്‍ക്ക് ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാനും നിര്‍ദ്ദേശമുണ്ട്. ജില്ലയിലെ ഇന്‍സിഡന്റ് റെസ്‌പോണ്‍സ് സിസ്റ്റം (ഐആര്‍എസ്) സജീവമാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.



































