കുളപ്പുള്ളിയിലെ വ്യാപാരം, പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എംബിഎ വിദ്യാര്‍ത്ഥികള്‍

0

പഠനം സാമൂഹ്യ പുരോഗതിക്ക് കൂടിയാണ് എന്ന നെഹ്രു ഗൂപ്പിൻ്റെ ചിന്ത പ്രവൃത്തിയിലൂടെ നടപ്പാക്കി നെഹ്രു സ്‌കൂള്‍ ഓഫ് മാനേജ്‌മെൻ്റിലെ വിദ്യാര്‍ത്ഥികള്‍.

കുളപ്പുള്ളിയുടെ നഷ്ടപ്പെട്ട വ്യാപാര യശസ്സ് വീണ്ടെടുക്കാനുള്ള പഠനമാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കുളപ്പുള്ളി യൂണിറ്റ് ആവശ്യപ്പെട്ടത്. നെഹ്രു ഗൂപ്പ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ അഡ്വ. ഡോ. പി കൃഷ്ണദാസ് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും നെഹ്രു സ്‌കൂള്‍ ഓഫ് മാനേജ്‌മെൻ്റിലെ ഫാക്കല്‍റ്റിയെ ഉത്തരവാദിത്വം ഏല്‍പ്പിക്കുകയും ചെയ്തു.

10 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പഠന റിപ്പാര്‍ട്ട് തയ്യാറാക്കാനുള്ള ചുമതല. ഓരോരുത്തര്‍ക്കും പഠന മേഖലകള്‍ വീതിച്ചു നല്‍കി വകുപ്പ് മേധാവി ഡോ. കൃഷ്ണകുമാര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചു. കുളപ്പുള്ളിയുടെ ഭൂമിശാസ്ത്രം, ചരിത്രം, പരിസര ശുചിത്വം, ഗതാഗതം, നേട്ടങ്ങള്‍, കോട്ടങ്ങള്‍, പ്രതീക്ഷകള്‍, സാധ്യതകള്‍, വെല്ലുവിളികള്‍, ആധുനിക മാനേജ്‌മെന്റ് ആശയങ്ങള്‍,,,തുടങ്ങി എല്ലാം വിശദമായ പഠനത്തിന് വിധേയമാക്കി.

തുടര്‍ന്ന് വകുപ്പ് മേധാവിയുടേയും മറ്റ് അധ്യാപകരുടേയും നേതൃത്വത്തില്‍ വിശദമായ ചര്‍ച്ചയും വിലയിരുത്തലും. ഇതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

വ്യാപാരി വ്യവസായി ഏകോപന സമിതി കുളപ്പുള്ളി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ നെഹ്രു ഗൂപ്പ് ചെയർമാൻ അഡ്വ. ഡോ. പി കൃഷ്ണദാസ്  റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് ബാബു കോട്ടയില്‍  ഏറ്റുവാങ്ങി.  വിശിഷ്ടാതിഥി ആയ അഡ്വ. പി കൃഷ്ണദാസിനെ  ആദരിച്ചു.

പുതിയ കാലത്തെ വ്യാപാരം എന്താണെന്ന് ഹ്രസ്വമായ വാക്കുകളില്‍ അഡ്വ. ഡോ. പി കൃഷ്ണദാസ് വിവരിച്ചു. ആധുനിക സങ്കേതങ്ങളുടെ വികാസം അവഗണിച്ച് ഇനിയുള്ള കാലത്ത് മുന്നോട്ട് പോകാനാവില്ലെന്നും വളര്‍ച്ചക്കായി അമുലിന്റെ ചരിത്രം പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. കുളപ്പുള്ളിയുടെ വ്യാപാരികള്‍ക്കൊപ്പം ഇനിയും നെഹ്രു ഗ്രൂപ്പും താനും ഉണ്ടാകുമെന്ന ഉറപ്പും അഡ്വ. ഡോ. പി കൃഷ്ണദാസ് നല്‍കി.

സംസ്ഥാനത്ത് ആദ്യമായാണ് പ്രാദേശികമായ ഒരു പ്രദേശത്തിന്റെ വ്യാപാര മേഖലയിലെ പ്രശ്‌നങ്ങളെ കുറിച്ച് വിദഗ്ദ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതെന്ന് ബാബു കോട്ടയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ വ്യാപാരി സമൂഹത്തിൻ്റെ നന്ദി നെഹ്രു ഗ്രൂപ്പിനെ അറിയിക്കുകയാണെന്നും ബാബു പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി കെ എ ഹമീദ്, യൂണിറ്റ് പ്രസിഡണ്ട് സി പി ജയന്‍ തുടങ്ങിയവരും നെഹ്രു ഗൂപ്പിനോട് നന്ദി പറഞ്ഞു. റിപ്പോര്‍ട്ട് തയ്യാറാക്കിയ വിദ്യാര്‍ത്ഥികളേയും അധ്യാപരേയും ചടങ്ങില്‍ ആദരിച്ചു.