വടക്കാഞ്ചേരിയില്‍ സി വി കുര്യാക്കോസിന് സാധ്യത; ഇരിഞ്ഞാലക്കുട കോണ്‍ഗ്രസിന് കിട്ടിയേക്കും

0

നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം മുന്നില്‍ നില്‍ക്കേ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ കൂട്ടിക്കിഴിക്കലുമായി മുന്നണികള്‍ മുന്നോട്ട്. എല്‍ഡിഎഫും യുഡിഎഫും എന്‍ഡിഎയും വിജയത്തിനായുള്ള തന്ത്രങ്ങള്‍ മെനയുമ്പോള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ വലിയ അത്ഭുതങ്ങള്‍ ഇക്കുറി പ്രതീക്ഷിക്കാം.

തൃശൂര്‍ ജില്ലയില്‍ എല്ലാ തിരഞ്ഞെടുപ്പിലും തര്‍ക്കങ്ങള്‍ മൂലം ഏറെ ശ്രദ്ധ കിട്ടുന്ന മണ്ഡലമാണ് ഇരിഞ്ഞാലക്കുട. ഇക്കുറിയും പതിവുപോലെ യുഡിഎഫില്‍ തര്‍ക്കം മുറുകിയിട്ടുണ്ട്. കാലങ്ങളായി നിയമസഭ തെരഞ്ഞടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത് തോമസ് ഉണ്ണിയാടനാണ്. എല്ലാ തിരഞ്ഞെടുപ്പിലും എന്ന പോലെ ഉണ്ണിയാടനെതിരെ കോണ്‍ഗ്രസ് ഇക്കുറിയും പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ സീറ്റ് ഉണ്ണിയാടന് നല്‍കില്ല എന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്ന് പ്രാദേശിക നേതാക്കളും അണികളും വ്യക്തമാക്കുന്നു.

വിരലില്‍ എണ്ണാവുന്ന കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പുകാരാണ് മണ്ഡലത്തില്‍ ഉള്ളതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. മണ്ഡലത്തില്‍ വലിയ ആധിപത്യം ഉണ്ടായിട്ടും കോണ്‍ഗ്രസിന് മത്സരിക്കാന്‍ സീറ്റില്ലാത്തത് പ്രതിഷേധാര്‍ഹമാണ്. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഡോ. ആര്‍ ബിന്ദു ജയിച്ചത് കോണ്‍ഗ്രസ് വോട്ട് മാറ്റികുത്തിയതു കൊണ്ടാണെന്ന് അന്ന് തന്നെ ആരോപണം ഉണ്ടായിരുന്നു.

തോമസ് ഉണ്ണിയാടന്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ത്ഥിയെങ്കില്‍ വിമതനെ മത്സരിപ്പിക്കുന്നതും ആലോചനയിലാണെന്ന് പ്രാദേശിക നേതാക്കള്‍ പറയുന്നു. കഴിഞ്ഞ തവണത്തെ പോലെ ഇക്കുറി പ്രതിഷേധം അവസാനിപ്പിക്കില്ലെന്നതാണ് അവരുടെ നിലപാട്.

ഡിസിസി വൈസ് പ്രസിഡണ്ട് ആയിരുന്ന അഡ്വ. എം എസ് അനില്‍കുമാര്‍ പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞ ദിവസമാണ്. അതിന് ഏറ്റവും പ്രധാന കാരണമായി പറയുന്നത് മത്സരിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് അവസരം ലഭിക്കുന്നില്ല എന്നതും കൂടിയാണ്. ഇക്കുറി ഒരു പക്ഷേ അനില്‍കുമാര്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയും ഉണ്ട്. പഴയ കോണ്‍ഗ്രസുകാരനായ അനില്‍ കുമാറിന് കോണ്‍ഗ്രസ് വോട്ട് കിട്ടാനുള്ള അപകടം കൂടി കണക്കിലെടുക്കണം എന്നും നേതാക്കള്‍ പറയുന്നു.

ഈ സാഹചര്യം ഒഴിവാക്കാന്‍ ഇരിഞ്ഞാലക്കുട മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണം. പകരമായി വടക്കാഞ്ചേരി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് കൈമാറണം. അങ്ങിനെയെങ്കില്‍ രണ്ടു മണ്ഡലങ്ങളിലും ശക്തമായ മത്സരം കാഴ്ചവെക്കാനും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാനും കഴിയും. നല്ല സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ രണ്ടു മണ്ഡലങ്ങളിലും യുഡിഎഫ് എംഎല്‍എമാര്‍ ഉണ്ടാവുകയും ചെയ്യും.

വടക്കാഞ്ചേരി മണ്ഡലം ജോസഫ് ഗ്രൂപ്പിന് ലഭിച്ചാല്‍ അവരുടെ ജില്ലാ പ്രസിഡണ്ട് കൂടിയായ പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി വി കുര്യാക്കോസിനെ മത്സരിപ്പിച്ചാല്‍ വിജയം ഉറപ്പിക്കാനാകുമെന്നാണ് യുഡിഎഫ് കരുതുന്നത്. ജനകീയനും മികച്ച ഭരണാധികാരിയും എന്ന പേരുള്ള സി വി കുര്യാക്കോസ് മണ്ഡലത്തില്‍ ആകെ നിറഞ്ഞു നില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ്. എതിര്‍ രാഷ്ട്രീയക്കാര്‍ക്കും സമ്മതനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയതുകൊണ്ട് പരിചയപ്പെടുത്തലിന്റെ ആവശ്യം വരില്ലെന്നും കോണ്‍ഗ്രസ് നേതാക്കളടക്കം പറയുന്നു.

അതുകൊണ്ട് തന്നെ വടക്കാഞ്ചേരി, ഇരിഞ്ഞാലക്കുട മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയിക്കാന്‍ മണ്ഡലം വെച്ചു മാറലല്ലാതെ വേറെ വഴിയില്ലെന്ന് യുഡിഎഫ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും പറയുന്നു. ജില്ലാ സംസ്ഥാന നേതാക്കളും കാത്തിരിക്കുന്നത് പ്രാദേശികമായ എതിർപ്പ് കൂടുതൽ ശക്തമാകാനാണ്. ഇക്കുറി ഇരിഞ്ഞാലക്കുട മണ്ഡലം കേരള കോൺഗ്രസിന് നൽകേണ്ടെന്ന് തന്നെയാണ് ജില്ലാ നേതാക്കളുടേയും മനസ്സിലിരുപ്പ്. തോമസ് ഉണ്ണിയാടനായി ഒരാളും മണ്ഡലത്തിലേക്ക് വരേണ്ടതില്ലെന്നും ശക്തമായി പ്രതികരിക്കുമെന്നുമാണ് പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്.