കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലില്‍ തൃശൂര്‍ പൂരത്തിന് പ്രത്യേക തീവണ്ടിയായി. പൂരപ്രേമികളുടെ യാത്രാ സൗകര്യം പരിഗണിച്ചാണ് കൊല്ലം-തൃശൂര്‍- കൊല്ലം റൂട്ടില്‍ അണ്‍റിസര്‍വ്ഡ് മെമു സ്‌പെഷ്യല്‍ ട്രെയിന്‍ അനനുവദിച്ചത്. കേന്ദ്ര സഹമന്ത്രിയും തൃശൂര്‍ എംപിയുമായ സുരേഷ് ഗോപി നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് റെയില്‍വെയുടെ നടപടി.
ഏപ്രില്‍ 26 തൃശൂര്‍ പൂരദിനത്തിലാണ് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തുക. 12 കോച്ചുകളുള്ള ട്രെയിന്‍ അണ്‍റിസര്‍വ്ഡ് ആയിരിക്കും. കൊല്ലത്ത് നിന്ന് രാവിലെ 8.20ന് പുറപ്പെട്ട് തൃശൂരില്‍ ഉച്ചക്ക് 1.30ന് എത്തുന്ന ട്രെയിനിന്റെ നമ്പര്‍ 06187 ആയിരിക്കും. തൃശൂരില്‍ നിന്ന് രാത്രി 9.30ന് മടങ്ങുന്ന ട്രെയിന്‍ (06188) കൊല്ലത്ത് പുലര്‍ച്ചെ 2.30ന് എത്തും.
മെമു സര്‍വീസ് ആയതുകൊണ്ട് തന്നെ മിക്കവാറും എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടാകും. റെയില്‍വോ മന്ത്രി അശ്വിനി വൈഷണവിനാണ് സുരേഷ് ഗോപി നിവേദനം നല്‍കിയത്. പ്രത്യേക ട്രെയിന്‍ അനുവദിച്ചതിന് റെയില്‍വേയോടും അശ്വിനി വൈഷണവിനോടും സുരേഷ് ഗോപി നന്ദി പറഞ്ഞു.





































