രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പാക്കേണ്ട സമയമായെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇക്കാര്യം നിയമനിര്‍മ്മാണ സഭകളാണ് പരിഗണിക്കേണ്ടത്. ശരിയത്ത് അനന്തരവകാശ നിയമം മുസ്ലീം സ്ത്രീകള്‍ക്കെതിരായ വിവേചനം ആണെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച്.
രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുല്യമായ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഭാരതത്തില്‍ ഏകീകൃത സിവില്‍ കോഡ് വേണം. വ്യക്തി നിയമങ്ങള്‍ മൂലമുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നിയമ നിര്‍മ്മാണ സഭകള്‍ സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കണം.
ഒരു മുസ്ലീം പുരിഷന് അവര്‍ പിന്തുടരുന്ന ഏത് നടപടി ക്രമത്തിലൂടെയും ഏകപക്ഷീയമായി വിവാഹമോചനം നേടാനാകും. വ്യക്തിനിയമങ്ങളാല്‍ സ്ഥാപിതമായ ബഹു ഭാര്യാ ബന്ധങ്ങള്‍ അസാധുവാണെന്ന് പ്രഖ്യാപിക്കാന്‍ രാജ്യത്തെ നിയമ വ്യവസ്ഥക്ക് കഴിയാത്ത സ്ഥിതിയാണ്.
പൗരന്റെ മൗലിക കടമകള്‍ പ്രാബല്യത്തില്‍ വരുത്താന്‍ ചില കാര്യങ്ങള്‍ നിയമപരമായ അധികാരത്തിനായി വിട്ടു കൊടുക്കേണ്ടി വരും. ഈ അവസ്ഥയിലാണ് ഏകീകൃത സിവില്‍ കോഡിന്റെ പ്രാധാന്യം ഉയരുന്നതെന്നും സുപ്രീംകോടതി ബഞ്ച് വാക്കാല്‍ നിരീക്ഷിച്ചു.
ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസ് ജോയ് മല്യ ബാഗ്ജി, ജസ്റ്റീസ് ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ചാണ് സുപ്രധാനമായ ഈ നിരീക്ഷണം നടത്തിയത്.



































