വിഷു ആഘോഷങ്ങളെ മുൻനിർത്തി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ ചന്തകൾ ജില്ലയിൽ സജീവമാകുന്നു. ജില്ലയിലെ 16 ബ്ലോക്കുകളിൽ നിന്നായി തിരഞ്ഞെടുത്ത 16 സി.ഡി.എസുകൾ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുത്ത വാർഡുകളിലെ കർഷകരെ ഉത്പാദനത്തിലും വരുമാനത്തിലും ഉയർത്തിക്കൊണ്ടുവരികയാണ് പദ്ധതിയുടെ ലക്ഷ്യം. ഐ.എഫ്.സി വാർഡുകളിലെ സംരംഭകരുടെ ഉത്പ്പന്നങ്ങൾ, പ്രൊഡ്യൂസർ
ഗ്രൂപ്പുകളുടെ വിവിധ ഉത്പ്പന്നങ്ങൾ, ചക്ക, കായ തുടങ്ങിയ വറവുൽപ്പന്നങ്ങൾ തുടങ്ങിയവ വിപണനത്തിനായി ഒരുക്കിയിട്ടുണ്ട്.
2024-25 സാമ്പത്തിക വർഷത്തിൽ വിവിധ ജില്ലകളിലായി 75 ഇൻറഗ്രേറ്റഡ്
ഫാമിംഗ് ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതിനായി എൻ.ആർ.എൽ.എം അംഗീകാരം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ഓരോ ക്ലസ്റ്ററും ആരംഭിക്കുന്നതിനായി മൂന്ന് വർഷത്തെ കാലയളവിൽ 40 ലക്ഷം രൂപ പദ്ധതിയിൽ അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ
തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിൽ കർഷകരെ ഏകോപിപ്പിച്ച് പച്ചക്കറി, ഫലവർഗങ്ങൾ ഉൾപ്പെടെയുള്ള കൃഷി ഉത്പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം.
ഈ ക്ലസ്റ്ററുകളിൽ നിന്നു പുതുതായി ലഭ്യമായ ഉത്പ്പന്നങ്ങളാണ് വിഷു ചന്തകളിൽ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ആ പ്രദേശങ്ങളിലെ കർഷകരുടെ ഉത്പ്പന്നങ്ങളെ കൂട്ടായ്മയിലൂടെ വിപണിയിലെത്തിച്ച് വിപണന ശേഷി ശക്തിപ്പെടുത്തുന്നതും ഈ പദ്ധതിയുടെ പ്രധാന ഭാഗമാണ്. കൃഷിയെയും വിപണനത്തെയും ഏകോപിപ്പിക്കുന്ന സമഗ്ര സമീപനമാണ് പദ്ധതിയുടെ പ്രത്യേകത.
ഈ ചന്തകളിലൂടെ കർഷകർ ഉൽപാദിപ്പിച്ച പച്ചക്കറികൾ നേരിട്ട്
വിപണിയിലെത്തിക്കാൻ സാധിക്കുന്നതോടൊപ്പം, ഇടനിലക്കാരുടെ ഇടപെടൽ കുറച്ച് കർഷകർക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പാക്കാനും ഈ പദ്ധതിയിലൂടെ സാധിക്കും. കൂട്ടായ പ്രവർത്തനവും കാര്യക്ഷമമായ കൃഷിപരിപാലനവും വഴി ഗ്രാമീണ മേഖലയിലെ കർഷകരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, സാമ്പത്തിക മുന്നേറ്റത്തിന് കരുത്തേകുന്ന ഈ പദ്ധതി മികച്ച മാതൃകയാണ്. ഏപ്രിൽ 10 ന് ആരംഭിച്ച ചന്ത ഏപ്രിൽ 14 സമാപിക്കും.





































