തത്തിന്തകത്തോം – കേരള സംഗീത നാടക അക്കാദമി ആദ്യ ദേശീയ താളവാദ്യോത്സവം 11 മുതൽ

0

വാദ്യത്തിൻ്റേയും താളത്തിൻ്റേയും കുതിപ്പുകളും കയ്യടക്കങ്ങളും കണ്ടും കേട്ടും കോരിത്തരിച്ച തൃശ്ശൂരിൻ്റെ മണ്ണില്‍, ചെണ്ടപ്പുറത്ത് കോലു വീഴുമ്പോള്‍ കൈകളുയര്‍ത്തി ആരവത്തോടെ താളം പിടിക്കുന്ന മേളപ്രേമികളുടെ നാട്ടില്‍, കേരള സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തില്‍ ചരിത്രത്തിലെ ആദ്യ താളവാദ്യോത്സവത്തിന് കേളികൊട്ട് ഉയരാന്‍ തുടങ്ങുന്നു. കേരളത്തിലേത് ഉള്‍പ്പെടെയുള്ള വ്യത്യസ്ത താളപദ്ധതികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് താളപ്രണയികളുടെ അകം നിറയ്ക്കാന്‍ അവസരം ഒരുക്കുന്ന ഈ വാദ്യോത്സവം അക്കാദമിയുടെ ചരിത്രത്തില്‍ത്തന്നെ ആദ്യസംരംഭമാണ് .

ജൂലൈ 11 മുതല്‍ മൂന്ന് ദിവസങ്ങളിലായിട്ടാണ് തത്തിന്തകത്തോം എന്ന് പേരിട്ടിരിക്കുന്ന ദേശീയ താളവാദ്യോത്സവം നടത്തുന്നത്. കൈവിരലുകളില്‍ താളപ്രപഞ്ചത്തെ പകര്‍ത്തിയ ഉസ്താദ് സാക്കിര്‍ ഹുസൈനുള്ള സ്മരണാഞ്ജലി എന്ന നിലയിലാണ് പരിപാടി രൂപകല്പന ചെയ്തിരിക്കുന്നത്. കേരളീയ വാദ്യകലയ്ക്ക് പകരംവയ്ക്കാവുന്ന മറ്റൊരു വാദ്യസങ്കേതം ലോകത്ത് എവിടെയുമില്ല എന്നതുതന്നെയാണ് ഈ വാദ്യോത്സവത്തെ വേറിട്ടതാക്കുന്നത്.

കേരളീയ താളങ്ങളുടെയും ദേശീയതലത്തിലുള്ള താള സംസ്‌കൃതിയുടെയും വിസ്മയാവഹമായ പകര്‍ന്നാട്ടമായ ഈ വാദ്യോത്സവത്തിന് ജൂലൈ 11 ന് കാലത്ത് ഒന്‍പത് മണിക്ക് നടക്കുന്ന പെരിങ്ങോട് സുബ്രഹ്‌മണ്യന്‍ നയിക്കുന്ന ഇടയ്ക്ക വിസ്മയത്തോടെയാണ് തുടക്കം കുറിക്കുന്നത്. മേളപ്പദം, മിഴാവ് തായമ്പക, ശിങ്കാരിമേളം, പഞ്ചാരിമേളം, പാണ്ടിമേളം, തായമ്പക, പഞ്ചവാദ്യം, ദേശതാളങ്ങളായ അര്‍ജ്ജുന നൃത്തത്തിൻ്റേയും ഗരുഡന്‍തൂക്കത്തിൻ്റേയും താളവിന്യാസങ്ങള്‍, മരുഭൂമിയുടെ താളമായ കര്‍താള്‍, തദ്ദേശീയമായ താളങ്ങള്‍, സോദാഹരണ പ്രഭാഷണങ്ങള്‍, വിവിധതരം കലാവതരണങ്ങള്‍, ഹ്രസ്വചിത്ര പ്രദര്‍ശനം തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് വാദ്യോത്സവം വിഭാവനം ചെയ്തിട്ടുള്ളത്.

വാദ്യകലാരംഗത്തേക്ക് സ്വപ്രയത്‌നത്തിലൂടെ വഴി വെട്ടിത്തെളിച്ച് നടന്നുവന്ന, കലയുടെ വിവിധ മേഖലകളില്‍ സജ്ജരായിത്തീര്‍ന്ന സ്ത്രീകലാകാരികളുടെ പങ്കാളിത്തമാണ് ഈ വാദ്യോത്സവത്തിൻ്റെ ഏറ്റവും വലിയ കരുത്ത്. ജൂലൈ 13 രാത്രി 7.35 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചെയര്‍മാന്‍സ് സിംഫണിയോടെ വാദ്യോത്സവത്തിന് തിരശ്ശില വീഴും.

ഉദ്ഘാടനം 11ന് വൈകീട്ട് 5.30ന്

താളവാദ്യോത്സവം 11 വൈകുന്നേരം 5.30 ന് റവന്യൂ-ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്യും. കെ.ടി.മുഹമ്മദ് തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ ബി.കെ.ഹരിനാരായണന്‍ ഉസ്താദ് സാക്കീര്‍ ഹുസൈന്‍ അനുസ്മരണം നടത്തും. ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍ താളവാദ്യോത്സവത്തിൻ്റെ പരിപ്രേക്ഷ്യം അവതരിപ്പിക്കും. അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിക്കും.

പെണ്‍കാലങ്ങള്‍

വാദ്യോത്സവത്തിൻ്റെ മുഖ്യാകര്‍ഷണം  സ്ത്രീ വാദ്യകലാകാരികളുടെ പങ്കാളിത്തം തന്നെയാണ്. വാദ്യോത്സവത്തിൻ്റെ രണ്ടാംദിനമായ 12 ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ചുമണി വരെയുള്ള സമയം ഇവരുടെ സംവാദ വേദിയാണ്. പെണ്‍കാലങ്ങള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സെഷന്‍ നര്‍ത്തകിയും കലാപണ്ഡിതയുമായ ഡോ. ദീപ്തി ഓംചേരി ഭല്ലയുടെ ആമുഖ ഭാഷണത്തോട ആരംഭിക്കും. തുടര്‍ന്ന് തവിലില്‍ അമൃതവര്‍ഷിണി നയിക്കുന്ന യുവതാളതരംഗം അരങ്ങേറും. തമിഴകത്തിൻ്റെ ഹൃദയതാളമായ തവില്‍ വാദനമേഖലയിലെ പെണ്‍ശബ്ദമാണ് അമൃതവര്‍ഷിണി.

ഒരു കാലത്ത് പുരുഷന്മാര്‍ കൈകാര്യം ചെയ്തിരുന്ന മാര്‍ഗ്ഗംകളിയിലേക്ക് സ്ത്രീകള്‍ കടന്നുവന്നത് ചരിത്രമാണ്. ഈ ചരിത്രത്തെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് മാര്‍ഗ്ഗംകളി അവതരണത്തിലൂടെ അക്കാദമി ശ്രമിക്കുന്നത്. അഖില ജോഷിയും സിബി പാലയും സംഘവുമാണ് രണ്ടാംദിനം ഉച്ചയ്ക്ക് 2.55 മുതല്‍ മാര്‍ഗ്ഗംകളി അവതരിപ്പിക്കുന്നത്.

പുരുഷാധിപത്യം കൊടികുത്തിവാണിരുന്ന തുള്ളല്‍ മേഖലയില്‍ ലിംഗനീതിക്കായി കലയിലൂടെ പൊരുതിയ കലാകാരി കലാമണ്ഡലം ഷര്‍മിളയും സംഘവും അവതരിപ്പിക്കുന്ന തുള്ളലാണ്  മറ്റൊരു പ്രത്യേക ഇനം. ജൂലൈ 12 ന് വൈകുന്നേരം 3.20 ആണ് തുള്ളല്‍ അരങ്ങേറുക.

തബലവാദനത്തിലേക്ക് സ്ത്രീകള്‍ കടന്നുവരിക എന്നതുതന്നെ അപൂര്‍വ്വമാണ്. ഈ വാദ്യമേഖലയില്‍ കലാമുദ്ര പതിപ്പിച്ച മുംബൈയില്‍ നിന്നുള്ള മുക്ത രസ്‌തെയുടെ തബലവാദനവും പെണ്‍കാലത്തിലെ പ്രധാനപ്പെട്ട പരിപാടിയാണ്. വൈകുന്നേരം 3.55നാണ് മുക്ത രസ്‌തെയുടെ തബലവാദനം. ഹാര്‍മോണിയവുമായി സന്തോഷ് ഘണ്ടെ ഒപ്പം ചേരും.

ഡോ.നന്ദിനി വര്‍മ്മയും സംഘവും 4.30 ന് അവതരിപ്പിക്കുന്ന തായമ്പകയോടെയാണ് പെണ്‍കാലങ്ങള്‍ എന്ന സെഷന്‍ അവസാനിക്കുന്നത്. ചെണ്ടവാദന രംഗത്തേക്ക് സ്ത്രീകള്‍ ആരും കടന്നുവരാതിരുന്ന ഒരു കാലത്ത് സ്വയംസമര്‍പ്പിതയായി ഈ രംഗത്ത് എത്തിയ നന്ദിനിവര്‍മ്മയുടെ കലാജീവിതം കലയിലെ സ്ത്രീജീവിതത്തിൻ്റെ അടയാളപ്പെടുത്തല്‍ തന്നെയാണ്.

സുകന്യ രാംഗോപാലിൻ്റെ ഘടതരംഗം

രണ്ടാംദിനം രാത്രി 7.45 ന് സുകന്യ രാംഗോപാല്‍ അവതരിപ്പിക്കുന്ന ഘടതരംഗം എന്ന പരിപാടി അരങ്ങേറും. പുരുഷന്മാര്‍ അരങ്ങുവാണിരുന്ന ഘടം വാദന രംഗത്തേക്കുള്ള സുകന്യ രാംഗോപാലിൻ്റെ കടന്നുവരവ് വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരിക്കല്‍ ഒരു കച്ചേരിയില്‍ അവര്‍ക്കൊപ്പം മൃദംഗം വായിക്കാന്‍ പുരുഷന്മാര്‍ വിസമ്മതിച്ച് വേദിയില്‍ നിന്ന് ഘടം വായിക്കാന്‍ അനുവദിക്കാതെ ഇറക്കിവിട്ട അനുഭവം സുകന്യക്കുണ്ട്. സ്ത്രീകളെമാത്രം ഉള്‍പ്പെടുത്തി സ്ത്രീതാള്‍ തരംഗ് എന്ന സിംഫണി രൂപീകരിച്ച് ലോകമെമ്പാടും അതവതരിപ്പിച്ചാണ് സുകന്യ രാംഗോപാല്‍ അതിനു സര്‍ഗ്ഗാത്മകമായി മറുപടി നല്‍കിയത്.

ഇടയ്ക്കവിസ്മയം മുതല്‍ ചെയര്‍മാന്‍സ് സിംഫണി വരെ

പെരിങ്ങോട് സുബ്രഹ്‌മണ്യനും സംഘവും അവതരിപ്പിക്കുന്ന ഇടയ്ക്ക വിസ്മയത്തോടെ ആണ് ജൂലൈ 11 ന് വാദ്യോത്സവത്തിന് തുടക്കം കുറിക്കുന്നത്. കാലത്ത് 10.15 ന് കലാമണ്ഡലം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മേളപ്പദം അരങ്ങേറും. കഥകളിക്ക് പശ്ചാത്തല മേളമൊരുക്കുന്ന ഗീതവാദ്യ ഘടകങ്ങളെല്ലാം ചേര്‍ന്നൊരുക്കുന്ന ഒരു സ്വതന്ത്ര വാദ്യപദ്ധതിയാണ് ഇത്. കാലത്ത് 11.45 ന് കലാമണ്ഡലം രാജീവും കലാമണ്ഡലം വിനീഷും സംഘവും അവതരിപ്പിക്കുന്ന മിഴാവില്‍ ഇരട്ടത്തായമ്പക നടക്കും.

ഉച്ചയ്ക്ക് 1.45 ന് തൃശ്ശൂര്‍ പുറ്റേക്കര കൊള്ളന്നൂരിലെ ആട്ടം കലാസമിതി അവതരിപ്പിക്കുന്ന ശിങ്കാരിമേളം അരങ്ങേറും. ഉച്ചയ്ക്ക് 2.50 ന് അര്‍ജ്ജുന നൃത്തത്തിൻ്റെ താള വിന്യാസങ്ങളെകുറിച്ച് അനിരുദ്ധന്‍ കുന്നങ്കരി ആശാനും സജനീവ് ഇത്തിത്താനവും വിശദീകരിക്കും. തുടര്‍ന്ന് ഗരുഡന്‍തൂക്കത്തിൻ്റെ താളവിന്യാസങ്ങള്‍ കലാമണ്ഡലം ഷാജിയും സംഘവും അവതരിപ്പിക്കും.

വൈകീട്ട് നാലിന് കേരള ഫോക് ലോര്‍ അക്കാദമിയുടെ ഏകോപനത്തോടെ ഗോത്രതാള വാദ്യ കലാവതരണങ്ങള്‍ നടക്കും. വൈകീട്ട് അഞ്ചിന് ഉസ്താദ് മുഹമ്മദും സംഘവും മുട്ടും വിളിയുമായി നഗരപ്രദക്ഷിണം നടത്തും. പ്രാചീന മാപ്പിള കലാരൂപമാണ് മുട്ടും വിളിയും.

ഉദ്ഘാടനത്തിനുശേഷം രാത്രി 7.15 ന് തമിഴകത്തിന്റെ പ്രാചീന നാടോടി കലാരൂപമായ തപ്പാട്ടം ഉണ്ടാകും. തിരുനങ്കൈ തമിഴിനിയും ഡേവിഡും സംഘവുമാണ് തപ്പാട്ടം അവതരിപ്പിക്കുക. രാത്രി 7.40 ന് മരുഭൂമിയുടെ താളമായ കര്‍താള്‍ ആണ്. കേരളീയര്‍ക്ക് അത്ര പരിചിതമല്ലാത്ത കര്‍താള്‍ അവതരിപ്പിക്കുന്നത് മുഹമ്മദ് റഫീക്കും ഷക്കീര്‍ ഖാനുമാണ്. രാത്രി 8.15 ന് ഓടക്കാലി മുരളിയും സംഘവും അവതരിപ്പിക്കുന്ന കൊമ്പുപറ്റ്, രാത്രി 9.05 ന് പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന പുളിമുട്ടിയില്‍ പ്രത്യേകം തയ്യാറാക്കിയ താളശില്പം തുടങ്ങിയവ അരങ്ങേറും.

രണ്ടാംദിനമായ ജൂലൈ 12 രാവിലെ ഒന്‍പതിന് തേരോഴി രാമക്കുറുപ്പും സംഘവും അവതരിപ്പിക്കുന്ന പഞ്ചാരിമേളമാണ്. ഓരോ കാലവും വ്യത്യസ്ത പ്രമാണിമാര്‍ നയിക്കുന്ന രീതിയിലാണ് പഞ്ചാരിമേളം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. രാമക്കുറുപ്പിനെ കൂടാതെ , ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാര്‍, തിരുവല്ല രാധാകൃഷ്ണമാരാര്‍, പോരൂര്‍ ഹരിദാസ്, വെള്ളിതിരുത്തി ഉണ്ണിനായര്‍ എന്നിവര്‍ ആണ് ഓരോരോ കാലങ്ങള്‍ നയിക്കുന്നത്.

രാവിലെ 10.40 മുതല്‍ 1.15 വരെ സോദാഹരണ പ്രഭാഷണങ്ങളാണ്. പശ്ചാത്യ താള പദ്ധതികളെക്കുറിച്ച് ജോബോയും ഷോമിയും സംസാരിക്കും. വടക്കന്‍ കേരളത്തിലെ നാടോടി താളങ്ങളെ കുറിച്ച് എ.വി അജയകുമാറും സംഘവും വിശദീകരിക്കും. മൃദംഗവാദനത്തിലെ ശൈലികളുടെ വൈവിധ്യത്തെക്കുറിച്ച് ഡോ.ജയകൃഷ്ണനും ഇടപ്പള്ളി അജിത്കുമാറും സംസാരിക്കും.

വൈകീട്ട് 5.05 ന് തൃശ്ശൂര്‍ മുണ്ടത്തിക്കോട് രാഗദീപം ബാന്‍ഡ് അവതരിപ്പിക്കുന്ന ബാന്‍ഡ് മേളമാണ്. 6.10 ന് കലാമണ്ഡലം രാജ്‌നാരായണനും സംഘവും മദ്ദളത്തിലെ വ്യത്യസ്തവാദന പദ്ധതികള്‍ അവതരിപ്പിക്കും. 6.30 ന് കാവില്‍ സുന്ദരനും സംഘവും അവതരിപ്പിക്കുന്ന പരിഷവാദ്യം നടക്കും. ഏഴുമണിക്ക് വെള്ളാറ്റഞ്ഞൂര്‍ ശ്രീജിത്തും സംഘവും അവതരിപ്പിക്കുന്ന താളവും കുട്ടികളും എന്ന പരിപാടിയും ഉണ്ടാകും.

സമാപന ദിവസം കാലത്ത് ഒന്‍പതിന് പെരുവനം കുട്ടന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം നടക്കും. കാലത്ത് 10.40 ന് താളഗോപുരങ്ങള്‍ എന്ന സെഷനില്‍ താളവും സാംസ്‌കാരികചരിത്രവും എന്ന വിഷയത്തില്‍ വാദ്യപ്രമാണിമാര്‍ സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തില്‍ സംസാരിക്കും. കെ.ബി രാജാനന്ദ് മോഡറേറ്റര്‍ ആയിരിക്കും. ഗുരുക്കന്മാരായ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, കിഴക്കൂട്ട് അനിയന്‍ മാരാര്‍, പത്മശ്രീ പെരുവനം കുട്ടന്‍ മാരാര്‍, പരക്കാട് തങ്കപ്പന്‍ മാരാര്‍, പെരിങ്ങോട് ചന്ദ്രന്‍, കുനിശ്ശേരി ചന്ദ്രന്‍, പല്ലാവൂര്‍ രാഘവപിഷാരോടി, രാമനാട്ട് നാരായണന്‍ നായര്‍. മച്ചാട് മണികണ്ഠന്‍, കലാമണ്ഡലം ഈശ്വരനുണ്ണി, തിരുവില്വാമല ഹരി, തൃശ്ശൂര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

കാലത്ത് 11.50 ന് കല്ലൂര്‍ രാമന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും ഉച്ചയ്ക്ക് 2.30 ന് ചോറ്റാനിക്കര വിജയനും സംഘവും അവതരിക്കുന്ന പഞ്ചവാദ്യം നടക്കും. വൈകുന്നേരം 4.10 ന് സുഘദ് മുണ്ടെയും സംഘവും അവതരിപ്പിക്കുന്ന ഭൂസ്പന്ദങ്ങള്‍ അരങ്ങേറും. വൈകുന്നേരം 5.15 ന് ജനാര്‍ദനന്‍ പുതുശ്ശേരിയും തദ്ദേശീയ താളങ്ങളെ പരിചയപ്പെടുത്തും. 6.30 ന് സമാപന സമ്മേളനം നടക്കും 7.35 ന് നമ്മളൊന്ന് എന്ന പേരില്‍ ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി അവതരിപ്പിക്കുന്ന ചെയര്‍മാന്‍സ് സിംഫണി നടക്കും. ഇതില്‍ ചെയര്‍മാനും മട്ടന്നൂര്‍ ശ്രീരാജും ചെണ്ടയും പ്രകാശ് ഉളളിയേരി കീബോര്‍ഡും ഹാര്‍മോണിയവും വായിക്കും. ഗുരു കലൈമാമണി തഞ്ചാവൂര്‍ ടി. ആര്‍ ഗോവിന്ദരാജന്‍ തവിലും ബി ശ്രീസുന്ദര്‍കുമാര്‍ ഗഞ്ചിറയും ഡോ. സുരേഷ് വൈദ്യനാഥന്‍ ഘടവും വായിക്കും.

ജൂലൈ 11,12,13 തിയതികളില്‍ പ്രത്യേകം തയ്യാറാക്കിയ പവലിയനില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെ വാദ്യത്തിൻ്റെ പ്രാഥമിക പാഠങ്ങളും പരിശീലന ക്രമങ്ങളും കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികള്‍ സോദാഹരണം അവതരിപ്പിക്കും. ഇതേ ദിവസങ്ങളില്‍ വാദ്യോപകരണനിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ ജയകേരള, തിരുത്തിപറമ്പ് വിശദീകരിക്കും

താളവാദ്യോത്സവം :മൂന്ന് വേദികള്‍

അക്കാദമി സംഘടിപ്പിക്കുന്ന താളവാദ്യോത്സവത്തിന് മൂന്ന് വേദികള്‍. കേരള സംഗീത നാടക അക്കാദമി കോമ്പൗണ്ടിലെ ബ്ലാക്ക് ബോക്സ് ,ആക്ടര്‍ മുരളി തിയേറ്റര്‍ , കെ.ടി മുഹമ്മദ് തിയേറ്റര്‍ എന്നിവയാണ് ഇവ.

100 രൂപ നല്കി ഡെലിഗേറ്റവാം

ജൂലൈ 11,12,13 തിയതികളില്‍ നടക്കുന്ന താളവാദ്യോത്സവത്തില്‍ 100 രൂപ അടച്ച് ഡെലിഗേറ്റവാം. അക്കാദമിയുടെ വെബ്സൈറ്റായ https://keralasangeethanatakaakademi.in കയറി ഗൂഗിള്‍ഫോറം പൂരിപ്പിച്ച് 100 രൂപ അടച്ച് ഡെലിഗേറ്റ് ആവാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്ക് മാത്രമേ ഡെലിഗേറ്റ് ആവാന്‍ സാധിക്കൂ. ഡെലിഗേറ്റുകള്‍ക്ക് ഫെസ്റ്റിവല്‍ കിറ്റും ഭക്ഷണകൂപ്പണും സൗജന്യമായി ലഭിക്കും.

അക്കാദമിയില്‍ നടന്ന വാർത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ,സെക്രട്ടറി കരിവെള്ളൂര്‍ മുരളി, വൈസ്ചെയര്‍മാന്‍ പുഷ്പവതി പി.ആര്‍, ഫെസ്റ്റിവല്‍ ക്യൂറേറ്റര്‍ കേളി രാമചന്ദ്രന്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശുഭ എം.ബി, പ്രോഗ്രാം ഓഫീസര്‍ വി.കെ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു