കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, തൃശൂർ ജില്ലയിൽ ആകെ 2402432 വോട്ടർമാർ

0

 പുതിയതായി 501 പോളിംഗ് സ്റ്റേഷനുകൾ

കരട് വോട്ടർപട്ടിക ഓൺലൈനായും നേരിട്ടും പരിശോധിക്കാം

2026 ജനുവരി 1 യോഗ്യത തീയതിയായി പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. വോട്ടർപട്ടികയുടെ ജില്ലാതല പ്രസിദ്ധീകരണം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടർ അർജുൻ പാണ്ഡ്യൻ നിർവഹിച്ചു.

കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ തൃശ്ശൂർ നിയമസഭാ മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരായ ആൻസൺ ജോസ്, പി എൻ നിത, എം ജി രമ്യ, ടി ജെ ബിജോയ് എന്നിവർക്ക് കലക്ടർ കരട് വോട്ടർ പട്ടിക നൽകി. കരട് വോട്ടർപട്ടിക ഓൺലൈനായും നേരിട്ടും പരിശോധിക്കാം

വോട്ടർമാരുടെ വിവരം

ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി 2402432 വോട്ടർമാരാണ് ഉളളത്. 1162170 പുരുഷ വോട്ടർമാരും 1240241 സ്ത്രീ വോട്ടർമാരും 21 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. 18681 മുതിർന്ന പൗരൻമാരും (85+ മുകളിലുളളവർ), 24320 ഭിന്നശേഷിക്കാരും 2342 പ്രവാസി വോട്ടർമാരും 1621 സർവ്വീസ് വോട്ടർമാരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വോട്ടർപട്ടിക voters.eci.gov.in, ceo.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായും ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ കാര്യാലയം, അസിസ്റ്റൻ്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ കാര്യാലയം, വില്ലേജ് ഓഫീസുകൾ, ബൂത്ത് ലെവൽ ഓഫീസർമാർ എന്നിവിടങ്ങളിൽ നേരിട്ടും വോട്ടർമാർക്ക് പരിശോധിക്കാവുന്നതാണ്.

27.10.2025 ന് കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രഖ്യാപിച്ചിരുന്നു. 04.11.2025 മുതൽ 18.12.2025 വരെ ഇതിന്റെ ഭാഗമായ എന്യൂമറേഷൻ ഘട്ടം നടന്നു. 27.10.2025ന് മരവിപ്പിച്ച വോട്ടർപട്ടികയിൽ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി ആകെ 2650163 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 27.10.2025ന് പട്ടികയിൽ ഉണ്ടായിരുന്ന എല്ലാ വോട്ടർമാർക്കും എന്യൂമറേഷൻ ഘട്ടത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ എന്യൂമറേഷൻ ഫോം എത്തിച്ച് നൽകുകയും പൂരിപ്പിക്കുവാൻ സഹായിക്കുകയും ചെയ്തു.

വോട്ടർമാർ പൂരിപ്പിച്ച് നൽകിയ എന്യൂമറേഷൻ ഫോമുകൾ ബൂത്ത് ലെവൽ ഓഫീസർമാർ സ്വീകരിച്ച് അത് ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ആകെ 2402432 വോട്ടർമാർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരികെ നൽകി. ആകെ 247731 വോട്ടർമാർ എന്യൂമറേഷൻ ഫോം തിരിക നൽകിയിട്ടില്ല [മരണപ്പെട്ടവർ 50637, സ്ഥലത്ത് ഇല്ലാത്തവർ – 57807, സ്ഥിരമായി സ്ഥലം മാറിപോയവർ 110543, ഒന്നലധികം സ്ഥലത്ത് വോട്ടുള്ളവർ – 11261, മറ്റ് കാരണങ്ങളാൽ ഫോം തിരികെ നൽകാത്തവർ – 17483.

ഫോം തിരികെ നൽകാത്തവരുടെ പട്ടിക ബൂത്ത് തിരിച്ച് ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബി എൽ ഒ- ബി എൽ എ യോഗം നടത്തി ബൂത്ത് തലത്തിൽ ഈ പട്ടിക കൈമാറിയിട്ടുണ്ട്.

തുടർനടപടികൾ

എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് തിരികെ നൽകിയ എല്ലാവരേയും ഉൾപ്പെടുത്തിയാണ് കരട് വോട്ടർപട്ടിക തയ്യാറാക്കിയിട്ടുളളത്. എന്യൂമറേഷൻ ഘട്ടത്തിൽ വോട്ടർമാരിൽ നിന്നും എന്യൂമറേഷൻ ഫോം മാത്രമാണ് സ്വീകരിച്ചത്. മറ്റ് രേഖകളൊന്നും ആവശ്യപ്പെട്ടിരുന്നില്ല. എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകിയ 92% വോട്ടർമാർക്ക് 2002 എസ് ഐ ആർ പട്ടികയുമായി സ്വയമോ രക്ഷിതാക്കൾ വഴിയോ ബന്ധിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവരെ അന്തിമ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിന് രേഖകൾ ഒന്നും ഹാജരാക്കേണ്ടതില്ല.

2002 എസ് ഐ ആർ പട്ടികയുമായി സ്വയമോ, രക്ഷിതാക്കൾ വഴിയോ ബന്ധിപ്പിക്കാനാകാത്ത വോട്ടർമാർ ബഹു.തിരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ചിട്ടുളള രേഖകൾ ആവശ്യപ്പെടുന്ന മുറയ്ക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് ലഭ്യമാക്കണം. രേഖകൾ – [ഏതെങ്കിലും കേന്ദ്ര / സംസ്ഥാന / പൊതുമേഖലാ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാരൻ / പെൻഷൻകാരൻ നൽകുന്ന ഏതെങ്കിലും തിരിച്ചറിയൽ കാർഡ് / പെൻഷൻ പേയ്‌മെൻ്റ് ഓർഡർ, 01.07.1987ന് മുമ്പ് ഇന്ത്യയിൽ സർക്കാർ / തദ്ദേശീയ അധികാരികൾ /ബാങ്കുകൾ / പോസ്റ്റ് ഓഫീസ് / എൽ.ഐ.സി / പൊതുമേഖലാ സ്ഥാപനങ്ങൾ നൽകിയ തിരിച്ചറിയൽ കാർഡ് / സർട്ടിഫിക്കറ്റ് / രേഖ, യോഗ്യതയുളള അധികാരി നൽകുന്ന ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, അംഗീകൃത ബോർഡുകൾ / സർവ്വകലാശാലകൾ നൽകുന്ന മെട്രിക്കുലേഷൻ /വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, യോഗ്യതയുള്ള സംസ്ഥാന അധികാരി നൽകുന്ന സ്ഥിരതാമസ സർട്ടിഫിക്കറ്റ്, വനാവകാശ സർട്ടിഫിക്കറ്റ്, ഒ.ബി.സി / എസ്.സി/ എസ്.ടി ജാതിസർട്ടിഫിക്കറ്റ്, ദേശീയ പൗരത്വ രജിസ്റ്റർ, സംസ്ഥാന അധികാരി തയ്യാറാക്കിയ കുടുംബരജിസ്റ്റർ, സർക്കാർ നൽകുന്ന ഭൂമി / വീട് അലോട്ട്മെൻ്റ് സർട്ടിഫിക്കറ്റ് / ആധാർ]

പുതുതായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അപേക്ഷയും അവകാശവാദങ്ങളും എതിർപ്പുകളും 22.01.2026 വരെ സമർപ്പിക്കാം

കരട് പട്ടികയിൽ ഉള്ള അവകാശവാദങ്ങളും എതിർപ്പുകളും 23.12.2025 മുതൽ 22.01.2026 വരെ സമർപ്പിക്കാം.

ഫോമുകൾ – ഫോം 6 – പേര് പുതുതായി ചേർക്കുന്നതിന്, ഫോം 6എ -പ്രവാസി വോട്ടർമാർക്ക് പേര് ചേർക്കുന്നതിന്, ഫോം 7- മരണം, താമസം മാറൽ, പേര് ഇരട്ടിപ്പ് തുടങ്ങിയ കാരണങ്ങളാൽ പേര് ഒഴിവാക്കുന്നതിന്, ഫോം 8- തിരുത്തലുകൾക്ക്

ഫോം ഓൺലൈനായോ, ബൂത്ത് ലെവൽ ഓഫീസർമാർ വഴിയോ സമർപ്പിക്കാവുന്നതാണ്. എന്യൂമറേഷൻ ഫോമുകളിലെ ഹിയറിംഗ് നടത്തിയതിനുശേഷമുള്ള പരാതി തീർപ്പാക്കലുകൾ 23.12.2025 മുതൽ 14.02.2026 വരെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ നടത്തും. കരട് പട്ടികയിൽ ലഭിക്കുന്ന അവകാശവാദങ്ങളും എതിർപ്പുകളും ഈ കാലയളവിൽ പൂർത്തിയാക്കും. 2026 ഫെബ്രുവരി 21 നാണ് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നത്. കരട് പട്ടികയിൽ ഉള്ള പേര് ഹിയറിംഗ് നടത്തിയ ശേഷം ഒഴിവാക്കപ്പെട്ടാൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ ഉത്തരവ് വന്ന് 15 ദിവസത്തിനകം ഒന്നാം അപ്പീൽ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കാം. ഒന്നാം അപ്പീൽ തീർപ്പാക്കി ഉത്തരവ് വന്ന് 30 ദിവസത്തിനകം ചീഫ് ഇലക്ടറർ ഓഫീസർക്ക് രണ്ടാം അപ്പീൽ നൽകാം.

ജില്ലയിൽ പുതുതായി 501 പോളിംഗ് സ്റ്റേഷനുകൾ

ഒരു പോളിംഗ് സ്റ്റേഷനിലെ പരമാവധി വോട്ടർമാരുടെ എണ്ണം 1200 ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഈ കാരണത്താൽ ജില്ലയിൽ ആകെ 501 പുതിയ പോളിംഗ് സ്റ്റേഷനുകൾ രൂപീകരിച്ചു. 51 പോളിംഗ് സ്റ്റേഷനുകളുടെ ലൊക്കേഷനുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇപ്രകാരം ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലെ ആകെ 2839 പോളിംഗ് സ്റ്റേഷനുകളാണ് ഉളളത്.

ചേലക്കര മണ്ഡലം- 218 പോളിംഗ് സ്റ്റേഷൻ
കുന്നംകുളം – 206 പോളിംഗ് സ്റ്റേഷൻ
ഗുരുവായൂർ- 231 പോളിംഗ് സ്റ്റേഷൻ
മണലൂർ – 215 പോളിംഗ് സ്റ്റേഷൻ
വടക്കാഞ്ചേരി- 211 പോളിംഗ് സ്റ്റേഷൻ
ഒല്ലൂർ – 225 പോളിംഗ് സ്റ്റേഷൻ
തൃശ്ശൂർ – 232 പോളിംഗ് സ്റ്റേഷൻ
നാട്ടിക- 235 പോളിംഗ് സ്റ്റേഷൻ
കൈപ്പമംഗലം – 223 പോളിംഗ് സ്റ്റേഷൻ
ഇരിങ്ങാലക്കുട – 225 പോളിംഗ് സ്റ്റേഷൻ
പുതുക്കാട് – 219 പോളിംഗ് സ്റ്റേഷൻ
ചാലക്കുടി- 208 പോളിംഗ് സ്റ്റേഷൻ
കൊടുങ്ങല്ലൂർ – 191 പോളിംഗ് സ്റ്റേഷൻ
ആകെ പോളിംഗ് സ്റ്റേഷൻ- 2839

അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു

കരട് വോട്ടർപട്ടികയിലെ വിവരങ്ങൾ വിശദീകരിക്കുന്നതിനുമായി ജില്ലാ പങ്കുവെയ്ക്കുന്നതിനും തിരഞ്ഞെടുപ്പ് തുടർനടപടികൾ ഉദ്യോഗസ്ഥനായ ജില്ലാകളക്ടറുട അദ്ധ്യക്ഷതയിൽ അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു. പ്രത്യേക തീവ്ര വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളും തുടർനടപടികളും ജില്ലാകളക്ടർ യോഗത്തിൽ വിശദീകരിച്ചു. കരട് പട്ടികയുടെ രണ്ട് കോപ്പി (പ്രിന്റ് ചെയ്തു ഒരു കോപ്പി + സോഫ്റ്റ് കോപ്പി (without photo)) എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും സൗജന്യമായി അനുവദിക്കും.