നിയമസഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റ് വേണമെന്ന അവകാശവാദവുമായി ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍. തങ്ങളുടെ പാരമ്പര്യ സീറ്റായ ചാലക്കുടിയില്‍ പാര്‍ടിക്ക് ശക്തമായ അടിത്തറ ഉള്ളതിനാല്‍ വിജയം ഉറപ്പാണെന്നാണ് അവരുടെ വാദം.
ജില്ലയില്‍ എല്‍ഡിഎഫിലെ പ്രബല കക്ഷിയായിട്ടും മത്സരിക്കാന്‍ സീറ്റില്ലാത്തതില്‍ ഏറെ നാളായി പരിഭവത്തിലാണ് ഇന്ത്യന്‍ സോഷ്യലിസ്റ്റ് ജനതാദള്‍. ഇക്കുറി അതിന് മാറ്റം വരണം. ഏറെ സ്വാധീനമുള്ള ചാലക്കുടി ലഭിച്ചാല്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണ്. ഇതിനായി അങ്കമാലി സീറ്റ് വെച്ച് മാറാമെന്ന വാഗ്ദാനവും അവര്‍ മുന്നോട്ട് വെക്കുന്നു.
സീറ്റില്‍ വിട്ടുവീഴ്ചക്കില്ലെന്നതിന്റെ സൂചനയാണ് കഴിഞ്ഞ ദിവസം ചാലക്കുടിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. പ്രാദേശിക നേതാക്കളാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തതെങ്കിലും ജില്ലാ നേതൃത്വത്തിന്റെ മൗനസമ്മതം ഇതിന് പിന്നിലുണ്ട്.
ചാലക്കുടിയിലും പരിസരങ്ങളിലും പോസ്റ്റര്‍ പ്രചാരണവും ഇതിനകം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. എല്ലാ കാലവും മറ്റ് പാര്‍ടികള്‍ക്കായി പണിയെടുക്കാനാവില്ലെന്നും ഇടവിട്ടെങ്കിലും മത്സരിക്കാന്‍ സീറ്റ് ലഭ്യമാവണം എന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്.
ചാലക്കുടി സീറ്റ് ലഭിച്ചാല്‍ മത്സരിക്കാനായി മൂന്ന് പേരുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട് പാര്‍ടി. തൃശൂര്‍ ജില്ലാ പ്രസിഡണ്ട് അഡ്വ. സി ടി ജോഫി, മുന്‍മന്ത്രി ജോസ് തെറ്റയില്‍, കൊച്ചി മുന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. സാബു ജോര്‍ജ് എന്നിവരാണ് ലിസ്റ്റിലുള്ളത്.
തൃശൂരിലെ പാര്‍ടിയുടേയും എല്‍ഡിഎഫിന്റേയും പ്രമുഖനായ അഡ്വ. സി ടി ജോഫിയ്ക്കാണ് കൂടുതല്‍ മുന്‍തൂക്കമുള്ളത്. മണ്ഡലത്തില്‍ ഏറെ വേരോട്ടമുള്ള ക്രൈസ്തവ സഭയും നേതൃത്വവുമായും സിപിഎം നേതാക്കളുമായും അടുത്ത ബന്ധമാണ് ജോഫിക്കുള്ളത്. ഇത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും വിജയത്തിലും ഘടകമാവും.
എന്തായാലും ഇക്കുറി ജനതാദളിനെ തഴയാന്‍ ആവില്ലെന്ന ബോധ്യം സിപിഎമ്മിനും ഇടതുമുന്നണിക്കും ഉണ്ട്. അതിനാല്‍ തന്നെ ചാലക്കുടി സീറ്റ് സംബന്ധിച്ച് നിലവില്‍ മത്സരിക്കുന്ന കേരള കോണ്‍ഗ്രസ് എം അടക്കമുള്ള കക്ഷികളുമായി വീണ്ടും ചര്‍ച്ച ഉണ്ടാവും.
കേരള കോണ്‍ഗ്രസ് എമ്മിന് ചാലക്കുടി സീറ്റ് പിടിച്ചെടുക്കാന്‍ ആവില്ല എന്ന വികാരം സിപിഎം പ്രാദേശിക നേതൃത്വത്തിനുണ്ട്. സനീഷ് കുമാര്‍ എംഎല്‍എ തന്നെയാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്നത് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ മികവുള്ള സ്ഥാനാര്‍ത്ഥി ഇല്ലെങ്കില്‍ പിടിച്ചു നില്‍ക്കല്‍ എളുപ്പമല്ലെന്ന ബോധ്യവുമുണ്ട്.
ഇത്തരം വിഷയങ്ങള്‍ കൂടി പരിഗണിച്ചാവും ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം. ഈ തിരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുമോ ഇന്ത്യന്‍ സോഷ്യലിസ്റ്റ് മത്സരിക്കുമോ. സനീഷ് കുമാറോ അഡ്വ. സി ടി ജോഫിയോ.. ആരാകും എംഎല്‍എ ആയി ചാലക്കുടിയില്‍ നിന്ന് നിയസഭയില്‍ എത്തുക. കാത്തിരുന്ന് കാണാം.




































