സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ വാർത്തകൾ നൽകാൻ നിരവധി മാധ്യമങ്ങളും സംഘങ്ങളും സജീവമായിരിക്കുമ്പോഴും അതിനിടയിൽ ശ്രദ്ധേയമാകുന്നത് ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ ഒരുക്കുന്ന കലോത്സവ വാർത്തകളാണ്. ‘ഫ്രെയിംസ് ഫിയസ്റ്റ’ എന്ന പേരിലുള്ള വിദ്യാർത്ഥി പത്രത്തിലൂടെയും, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും കലോത്സവ വാർത്തകൾ പങ്കുവെക്കുകയാണ് ഇവർ. ഇത് മറ്റുള്ളവരോടുള്ള മത്സരമല്ല; മറിച്ച് വിദ്യാർത്ഥികൾക്ക് ജേണലിസത്തിന്റെ യഥാർത്ഥ അനുഭവം നൽകാനുള്ള അധ്യാപകരുടെ കൂട്ടായ ശ്രമമാണ്.
സംസ്ഥാനത്തെ ജേണലിസം അധ്യാപകരുടെ കൂട്ടായ്മയായ ഫ്രെയിംസിൻ്റെ നേതൃത്വത്തിലാണ് ഈ ആശയം നടപ്പാക്കുന്നത്. ക്ലാസ് മുറികളിലെ തിയറി പഠനങ്ങൾക്കപ്പുറം, വാർത്ത ശേഖരണം മുതൽ അവതരണം വരെ നേരിട്ട് അനുഭവിച്ചറിയാൻ വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയാണിവർ.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലാണ് മാധ്യമങ്ങൾ നിറഞ്ഞ കലോത്സവ വേദിയെ തന്നെ ഒരു തുറന്ന പഠന വേദിയാക്കി മാറ്റുക എന്ന ഈ ആശയം ആദ്യമായി പ്രാവർത്തികമായത്. തിയറി ക്ലാസുകളിൽ നിന്ന് മാറി പ്രാക്ടിക്കൽ പഠനരീതികൾ സ്വീകരിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് ജേണലിസത്തോടുള്ള താത് പര്യവും ആത്മവിശ്വാസവും വർധിക്കുന്നതായി അധ്യാപകർ പറയുന്നു.
വാർത്ത എഴുതൽ, തലക്കെട്ട് തിരഞ്ഞെടുപ്പ്, ചിത്രങ്ങൾ തിരഞ്ഞെടുക്കൽ, വാർത്തയുടെ ഭാഷ തുടങ്ങിയ ഘടകങ്ങൾ യഥാർത്ഥ സാഹചര്യത്തിൽ തന്നെ പഠിക്കാനുള്ള അവസരമാണ് വിദ്യാർത്ഥികൾക്ക് ഇതിലൂടെ ലഭിക്കുന്നത്.
തൃശ്ശൂർ ജില്ലയിലെ ജി. എച്ച്. എസ്. എസ് പാഞ്ഞാൽ, സെൻ്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ മതിലകം, ജി. എം. ജി. എച്ച്. എസ്. എസ് കുന്നംകുളം, സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. പുതുക്കാട് എന്നീ വിദ്യാലയങ്ങളിലെയും, മലപ്പുറം ജില്ലയിലെ ജി. എച്ച്. എസ്. എസ് പാണ്ടിക്കാട് സ്കൂളിലേതും ഉൾപ്പെടെ 20 വിദ്യാർത്ഥികളാണ് ഈ പ്രവർത്തനത്തിൽ പങ്കാളികളാകുന്നത്.
പുതിയ മാധ്യമ സാധ്യതകൾ പരിചയപ്പെടാനും ഡിജിറ്റൽ ജേണലിസത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും ഇത് വിദ്യാർത്ഥികൾക്ക് സഹായകമാകുന്നു. മാധ്യമരംഗത്ത് ഭാവിയിലെ സാധ്യതകൾ തുറക്കുന്നതിനൊപ്പം, പഠനത്തെ ജീവിതാനുഭവങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു മാതൃകയായി ഫ്രെയിംസിൻ്റെ ഈ ആശയം മാറുകയാണ്.




































