അയ്യപ്പ ഭക്തരെ സങ്കടത്തിലാക്കിയ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ അന്വേഷണ രേഖകൾ ഇഡിക്ക് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ്. ഇനി എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റും സമാന്തരമായി അന്വേഷിക്കും.
സംസ്ഥാന സര്‍ക്കാരിനും നിലവില്‍ അന്വേഷണം നടത്തുന്ന എസ്‌ഐടിക്കും കനത്ത തിരിച്ചടിയാണ് കോടതി വിധി. ഇഡി സമാന്തര അന്വേഷണം നടത്തുന്നതിനെ ശക്തമായി എതിര്‍ത്തു വരികയായിരുന്നു സംസ്ഥാന സര്‍ക്കാരും എസ്‌ഐടിയും.
കോടതി വിധിയോടെ എഫ്‌ഐആറും റിമാന്‍ഡ് റിപ്പോര്‍ട്ട് അടക്കമുള്ള രേഖകളും ഇഡിക്ക് കൈമാറണം.
രേഖകള്‍ കൈമാറണം എന്നാവശ്യപ്പെട്ട് ഇഡി നല്‍കിയ ആവശ്യത്തിലാണ് കോടതി അനുകൂല ഉത്തരവ് നല്‍കിയത്. കള്ളപ്പണ ഇടപാട് പരിശോധിക്കാമെന്നും സമാന്തര അന്വേഷണം പാടില്ലെന്നുമായിരുന്നു എസ്‌ഐടി നിലപാട്.
എന്നാല്‍ രേഖകള്‍ കൈമാറുന്നത് എങ്ങനെയാണ് അന്വേഷണത്തെ ബാധിക്കുക എന്ന് കോടതി ചോദിച്ചു. കൂടാതെ ഹൈക്കോടതിയുടെ അനുമതിയോടെ ആണ് രേഖകള്‍ ആവശ്യപ്പെടുന്നതെന്നും ഇഡി അറിയിച്ചിരുന്നു.




































