ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്‍കി കൊണ്ട് ട്വീറ്റിട്ട കാലാവസ്ഥ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. മതത്തിന്റെ പേരില്‍ ശത്രുത പരത്തുകയും ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ഉള്ള കുറ്റമാണ് ഗ്രെറ്റക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് ഗ്രെറ്റ കേസെടുത്തതിന് മറുപടിയായി ട്വീറ്റ് ചെയ്തു. ഇപ്പോഴും കര്‍ഷകരേയും അവരുടെ സമാധാനപരമായ പ്രക്ഷോഭങ്ങളേയും പിന്തുണക്കുന്നുവെന്നും വിദ്വേഷം, ഭീഷണി, മനുഷ്യാവകാശ ലംഘനം എന്നിവ തന്റെ നിലപാടില്‍ ഒരു വിധത്തിലുമുള്ള മാറ്റവും വരുത്തില്ലെന്ന് ഗ്രെറ്റ തന്റെ ട്വീറ്റില്‍ പറയുന്നു.
ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഞങ്ങള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു എന്നായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്. കര്‍ഷക പ്രതിഷേധത്തെ കുറിച്ചും ഡല്‍ഹി അതിര്‍തതികളില്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചതിനെ കുറിച്ചും വിവരിക്കുന്ന സിഎന്‍എന്നില്‍ വന്ന ലേഖനവും ഗ്രെറ്റ പങ്കുവെച്ചിരുന്നു.
കര്‍ഷക പ്രതിഷേധത്തെ പിന്തുണക്കാന്‍ സഹായകരമായ തരത്തില്‍ പുതുക്കിയ ടൂള്‍ കിറ്റും ഗ്രെറ്റ അവതരിപ്പിച്ചിട്ടുണ്ട്. സമരത്തിന് ആഗോളതലത്തില്‍ ആളുകള്‍ക്ക് എങ്ങനെയെല്ലാം പിന്തുണയേകാമെന്നും പ്രതിഷേധിക്കാമെന്നും വിശദീകരിക്കുന്നതാണ് ടൂള്‍ കിറ്റ് രേഖ. ഫെബ്രുവരി 13, 14 തീയതികളില്‍ അടുത്തുള്ള ഇന്ത്യന്‍ എംബസി, മാധ്യമ സ്ഥാപനങ്ങള്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിള്‍ പ്രതിഷേധിക്കാനും ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കാനും ഗ്രെറ്റ നിര്‍ദ്ദേശിക്കുന്നു.