ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. തുടര്‍ച്ചയായി രണ്ട് തവണ ജയിച്ചവര്‍ക്ക് മൂന്നാമത് അവസരം നല്‍കില്ല. അത്തരത്തില്‍ 20ലധികം മണ്ഡലങ്ങളാണുള്ളത്. മണ്ഡലം നിലനിര്‍ത്താന്‍ ആവശ്യമെങ്കില്‍ മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കൂ എന്നും ധാരണയായി.
കഴിഞ്ഞ തവണ ലോക്‌സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ട എംബി രാജേഷ്, പികെ ബിജു എന്നിവരുള്‍പ്പടെയുള്ളവര്‍ക്ക് ഇളവ് നല്‍കും. പാര്‍ലമെന്ററി ജനാധിപത്യത്തിലേക്ക് വരണമെന്ന് വിലയിരുത്തപ്പെടുന്ന ചിലര്‍ക്ക് ഇളവ് നല്‍കാനും സിപിഎം തീരുമാനിച്ചു.
തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ഹളും ഇന്നും നാളെയുമായി ചേരുന്ന യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ തവണ സിപിഎം സ്വതന്ത്രന്മാര്‍ ഉള്‍പ്പടെ മത്സരിച്ച 92 സീറ്റുകളില്‍ ചിലത് മറ്റ് കക്ഷികള്‍ക്ക് വിട്ടുനല്‍കേണ്ടി വരുമെന്നാണ് ഇന്നലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. ഏതൊക്കെ സീറ്റുകള്‍ നല്‍കുമെന്നുള്ള കാര്യവും കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്യും.