സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കാനാകില്ല: കസ്റ്റംസ്

0

ഈന്തപ്പഴം ഈറക്കുമതി ചെയ്ത കേസില്‍ സര്‍ക്കാര്‍ നല്‍കിയ വിവരാവകാശത്തിന് അന്വേഷണ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് കസ്റ്റംസ്. എല്ലാ വിവരങ്ങളും കൈമാറേണ്ടതില്ലെന്ന് വിവരാവകാശ നിയമത്തില്‍ പറയുന്നുണ്ടെന്നും കസ്റ്റംസ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസിനോട് വിവരാവകാശ നിയമ പ്രകാരം സര്‍ക്കാര്‍ വിവരങ്ങള്‍ ചോദിച്ചിരുന്നു.

അന്വേഷണത്തിൻ്റെ ഭാഗമായി കസ്റ്റംസ് ആര്‍ക്കൊക്കെ സമന്‍സ് അയച്ചിട്ടുണ്ട് എന്നത് ഉള്‍പ്പടെ ആറ് ചോദ്യങ്ങളായിരുന്നു സര്‍ക്കാര്‍ ചോദിച്ചത്. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് കേന്ദ്ര ഏജന്‍സിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശം വഴി വിവരങ്ങള്‍ ആരാഞ്ഞത്.

2017ല്‍ വിദേശത്ത് നിന്ന് കേരളത്തിലേക്ക് 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് കേസ്. സംസ്ഥാനത്തെ അനാഥാലയങ്ങള്‍ക്ക് ഈന്തപ്പഴം വിതരണം ചെയ്യുന്നതിനായി 2017ലാണ് പദ്ധതി ആരംഭിച്ചത്. 2017 മെയ് 26ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനവും ചെയ്തു. യുഎഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം സാമൂഹിക നീതി വകുപ്പിൻ്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്ന അനാഥാലായങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ കണക്കനുസരിച്ച് 17000 കിലോ ഈന്തപ്പഴം എല്ലാ ജില്ലകളിലും എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിൻ്റെ കണ്ടെത്തല്‍. ഇതോടെ എം ശിവശങ്കരനുള്‍പ്പടെ പൊതുഭരണ വകുപ്പിലേയും സാമൂഹിക നീതി വകുപ്പിലേയും മേധാവികളെ കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്.