നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കോണ്‍ഗ്രസിൻ്റെ ഐശ്വര്യ കേരള യാത്രക്ക് ഇന്ന് തുടക്കമാകും. സംശുദ്ധം സദ്ഭരണം എന്ന സന്ദേശത്തിലൂന്നിയാണ് യാത്ര. വൈകീട്ട് നാല് മണിക്ക് കാസര്‍ഗോഡ് കുമ്പളയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നതോടെ യാത്ര ആരംഭിക്കും.
കാസര്‍ഗോഡ് കുമ്പളയില്‍ നിന്നും ആരംഭിക്കുന്ന യാത്ര കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിച്ച് തിരുവനന്തപുരത്താണ് സമാപിക്കുക. ഉമ്മന്‍ ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, പികൈ കുഞ്ഞാലിക്കുട്ടി, എംഎം ഹസന്‍, പിജെ ജോസഫ്, എന്‍കെ പ്രേമചന്ദ്രന്‍ എന്നിവരും യുഡിഎഫിൻ്റെ പ്രമുഖ നേതാക്കളെല്ലാവരും തന്നെ ജാഥയില്‍ പങ്കെടുക്കും.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരെ സജ്ജമാക്കലാണ് ജാഥയുടെ ലക്ഷ്യം. ഇന്ന് നാല് മണിക്ക് ആരംഭിക്കുന്ന ജാഥക്ക് വൈകീട്ട് ആറ് മണിക്ക് ചെര്‍ക്കളയില്‍ സ്വീകരണവും നല്‍കും. നാളെ പെരിയ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കണ്ണൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
140 നിയോജക മണ്ഡലങ്ങളിലൂടെയും പര്യടനം നടത്തുന്ന ജാഥ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് കേള്‍ക്കും. യുഡിഎഫിൻ്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തേണ്ട വിഷയങ്ങളില്‍ ജനങ്ങളില്‍ നിന്നുള്ള അഭിപ്രായം തേടുന്നതിനുള്ള സംവിധാനവും ജാഥയില്‍ സജ്ജമാക്കിയിട്ടുണ്ട്.