ദൈവം അല്ലെങ്കിലും നേരിട്ട് വന്ന് ഒന്നും ചെയ്യാറില്ലല്ലോ.. ദൈവിക മനസ്സുള്ളവരെ കൊണ്ട് ചെയ്യിക്കലാണല്ലോ..
അങ്ങനെ ഒരു നാള്‍ രേഖയ്ക്ക് മുന്നിലും ഒരു കൈ എത്തി. ഒരു സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറുടെ രൂപത്തില്‍. ബിന്ദു പ്രവീണിൻ്റെ രൂപത്തില്‍. അതെ, രേഖയ്ക്ക് ബിന്ദു ഒരു സ്വപ്നമോ ദൈവത്തിൻ്റെ കരമോ ഒക്കെ ആണ്.
ബിന്ദു പ്രവീണ്‍ പൊലീസുകാരി മാത്രമാണെന്ന് പറഞ്ഞാല്‍ ആര് സമ്മതിച്ചാലും രേഖ അംഗീകരിച്ചു തരില്ല. ആരും സഹായിക്കാനില്ലാതെ തകര്‍ന്നു വീഴാറായ കൂരയില്‍ താമസിച്ചിരുന്ന തങ്ങള്‍ക്ക് ഉറപ്പുള്ള വീട് ഒരുക്കി തന്ന മനസ്സിനെ എങ്ങനെ ഒരു സാധാരണ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായി കാണും.
തൃശൂര്‍ ജില്ലയിലെ ഊരകം അഞ്ചോവില്‍ പാടത്തോട് ചേര്‍ന്നാണ് എരിത്തേരി രേഖയുടെ കുടുംബം കഴിയുന്നത്. രോഗിയായ അമ്മയും രണ്ടു മക്കളും. കടുത്ത പ്രമേഹ രോഗിയാണ് രേഖ. മാസത്തില്‍ പത്തോ പതിനഞ്ചോ ദിവസം കിട്ടുന്ന പണിയാണ് ആകെയുള്ള വരുമാനമാര്‍ഗം. ഇതുകൊണ്ട് വേണം വീട്ടുവാടകയും മരുന്നും മകൻ്റെ പഠനവും വീട്ടു ചിലവും ഒക്കെ കഴിയാന്‍.
വീട്ടിലുണ്ടായിരുന്ന ടിവി കേടായിട്ട് നാളേറെയായി. മകൻ്റെ ഓണ്‍ലൈന്‍ പഠനം വഴി മുട്ടിയപ്പോള്‍ വായപയെടുത്താണ് മൊബൈല്‍ വാങ്ങിയത്. അങ്ങനെ ആ കടം കൂടിയായി.
മഴ പെയ്താല്‍ വീട് മുറ്റം വരെ വെള്ളം കയറും. വയസ്സായ അമ്മയെയും മുന്ന് വയസ്സുള്ള ഇളയ മകനെയും കൊണ്ട് എവിടേക്ക് പോകും എന്നറിയാത്ത അവസ്ഥ. കോവിഡ് ഭയം മറ്റൊരു ഭാഗത്തും. വെള്ളം കയറിയതിനെ തുടര്‍ന്ന് ഇഴജന്തുക്കളുടെ ശല്യം കൂടി. എപ്പോള്‍ വേണമെങ്കിലും വീടിനകത്തേക്ക് വെള്ളം കയറുമെന്ന് അവസ്ഥയും. ഇതോടെ രേഖയ്ക്ക് ഉറക്കമില്ലാത്ത രാത്രികളായി. കാവലിരിക്കലാണ് രേഖയുടെ ജോലി. വീട്ടിലുള്ളവരെ കാക്കാന്‍.
വാര്‍ത്ത പല മാധ്യമങ്ങളിലും വന്നെങ്കിലും സഹായം മാത്രം എത്തിയില്ല. വാര്‍ത്ത കണ്ട ബിന്ദുവിന് പിന്നെ മനസ്സമാധാനം വന്നില്ല.
രേഖയ്‌ക്കൊരു വീട് എന്ന സ്വപ്‌നവുമായി ഇറങ്ങിയ ബിന്ദുവിനും പ്രതീക്ഷ ഉണ്ടായില്ല. പലരും ഉറപ്പ് പറഞ്ഞു. പിന്നെ കണ്ടില്ല. ബിന്ദു ശ്രമം തുടര്‍ന്നു. ദീപം കുട നിര്‍മാതാക്കളായ പന്തല്ലൂക്കാരന്‍ ലോനപ്പന്‍ സ്‌പോണ്‍സര്‍ ആയി. ഭര്‍ത്താവ് പ്രവീണ്‍ എല്ലാത്തിനും ഒപ്പമുണ്ടായി. രേഖയ്ക്ക് ഒരു വീട് എന്ന സ്വപ്‌നത്തിന് ഒപ്പം ഏണസ്റ്റ്, ജയിംസ് എന്നീ കൂട്ടുകാരും നിന്നു. ഇതോടെ മറ്റത്തൂര്‍ ചുങ്കാലില്‍ രേഖയ്ക്ക് ഒരു വീടായി. 500 സ്‌ക്വയര്‍ ഫീറ്റുള്ള അടച്ചുറപ്പുള്ള വീട്.
രേഖയും കുടുംബവും ഇന്ന് ഹാപ്പിയാണ്. അടച്ചുറപ്പുള്ള വീട്ടില്‍ ജീവിക്കുന്നതിൻ്റെ സന്തോഷം അനുഭവിക്കുകയാണ് അവരിന്ന്. ബിന്ദുവിനോട് അവര്‍ക്ക് പറയാന്‍ മറ്റൊന്നുമില്ല, നന്ദിയല്ലാതെ.
തൃശൂരില്‍ ഡിഐജി ക്യാമ്പ് ഓഫീസിലെ ജോലിത്തിരക്കാണ് ബിന്ദുവിന്. ഇങ്ങനെ വലിയൊരു സഹായം ചെയ്തതെല്ലാം അന്നേ മറന്നതാണ്. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവ മെഡൽ നേടിയിട്ടുണ്ട് ഈ മിടുക്കി പൊലീസുകാരി.