സിഎജി റിപ്പോര്‍ട്ട് തള്ളിയും ഡിജിപിയെ പിന്തുണച്ചും ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട്‌

0

പോലീസ് വകുപ്പിനെതിരായ സിഎജി റിപ്പോര്‍ട്ടില്‍ ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. തോക്കും വെടിക്കോപ്പുകളും കാണാതായതായുള്ള സിഎജി റിപ്പോര്‍ട്ട് തെറ്റാണെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്തയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. തോക്കുകളും വെടിയുണ്ടകളും സബന്ധിച്ച കണക്ക് സൂക്ഷിക്കുന്നതില്‍ 1994 മുതല്‍ പിഴവ് സംഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2017 ല്‍ത്തന്നെ വെടിക്കോപ്പുകള്‍ കാണാതായതിനെപ്പറ്റി അന്വേഷണം നടത്താന്‍ പോലീസ് മേധാവി തന്നെ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു.

എന്നാല്‍ തോക്കുകളുടെ റെക്കോര്‍ഡുകള്‍ ശരിയാംവണ്ണം പരിപാലിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായിട്ടുണ്ട്. ഇതില്‍ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

ഇതിനിടെ കേരള പൊലീസിന്റെ വെടിയുണ്ട കാണാതായ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള 11 പൊലീസുകാരോടു ഹാജരാകാന്‍ ക്രൈംബ്രാഞ്ചിന്റെ നോട്ടീസ്. ഇവര്‍ക്കു പുറമെ എസ്എപി ക്യാമ്പിലെ മറ്റ് ഉദ്യോഗസ്ഥരുടെ മൊഴിയും രേഖപ്പെടുത്തും. കേസന്വേഷണത്തിനു ഐജി ശ്രീജിത്തിനെയാണ് ചുമതലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് എസ്പി ഷാനവാസ് കേസ് അന്വേഷിക്കും. രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാകും.