HomeKeralaകസ്റ്റംസിനോട് വിവാരവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ച് സര്‍ക്കാര്‍

കസ്റ്റംസിനോട് വിവാരവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ച് സര്‍ക്കാര്‍

കേന്ദ്ര ഏജന്‍സിയായ കസ്റ്റംസിനോട് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ചോദിച്ച് കേരള സര്‍ക്കാര്‍. യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ അപൂര്‍വ നടപടി. വിവരാവകാശത്തില്‍ ആറ് ചോദ്യങ്ങളാണ് സര്‍ക്കാര്‍ കസ്റ്റംസിനോട് ചോദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സ്‌റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫീസറായ എപി രാജീവനാണ് വിവരാവാകശത്തിന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. തിരുവനന്തപുരത്തെ കസ്റ്റംസ് പ്രിവന്റീവ് ഡിവിഷനിലെ അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അപേക്ഷ നല്‍കിയത്.

യുഎഇ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ടതാണ് ചോദ്യങ്ങള്‍. കസ്റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകളില്‍ നിയമ വ്യവഹാരം ആരംഭിച്ചു എന്നാണ് ആദ്യത്തെ ചോദ്യം. വിദേശ കാര്യമന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ ഹാന്‍ഡ് ബുക്ക് അനുവദിക്കുന്നതു പ്രകാരം എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ഏതൊക്കെയാണ്, അത് ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ എന്തൊക്കെയാണ് കസ്റ്റംസ് കൈകൊള്ളുന്നത് എന്നതാണ് രണ്ടാമത്തെ ചോദ്യം.

നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കൊടുക്കാന്‍ ഉത്തരവാദിത്വപ്പെട്ട വ്യക്തി ആരാണ്, തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആര്, ഇറക്കുമതി ചെയ്ത വസ്തുക്കള്‍ക്ക് മേല്‍ കസ്റ്റംസ് നടപടികള്‍ ആരംഭിിച്ചിട്ടുണ്ടോ, എത്ര പേര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട് എന്നീ ചോദ്യങ്ങളാണ് കസ്റ്റംസിനോട് സര്‍ക്കാര്‍ വിവരാവകാശ നിയമം ഉപയോഗിച്ച് ചോദിച്ചിരിക്കുന്നത്.

 

Most Popular

Recent Comments