രാജ്യം കൊവിഡിനെതിരായ യുദ്ധം ആരംഭിച്ച് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് തൃശൂരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ കൂടുതല്‍ പേരിലേക്ക് എത്തുന്നു എന്നതാണ് ഒരാണ്ട് തികയുമ്പോഴുള്ള ആശ്വാസം.
കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കൊവിഡ് 19 എന്ന കൊറോണ വൈറസിന്റെ പിടിയിലാണ് ലോകം മുഴുവനും. കൈ കഴുകിയും മാസ്‌കിട്ട് അകലം പാലിച്ചുമെല്ലാം കൊവിഡിനെ അകറ്റി നിര്‍ത്താനുള്ള ശ്രമങ്ങള്‍. ആദ്യ ഘട്ടത്തില്‍ സംസ്ഥാനച്ച് രോഗം ബാധിച്ചത് മൂന്ന് പേര്‍ക്കായിരുന്നു. രണ്ടാം ഘട്ടത്തില്‍ വിദേശത്തു നിന്നും വന്നവരിലായിരുന്നു രോഗ ബാധ കൂടുതലും. പക്ഷെ പെട്ടെന്നു തന്നെ അത് സമൂഹവ്യാപനത്തിലേക്കുമെത്തി.
രാജ്യം മുഴുവന്‍ അടച്ചിടുന്ന സ്ഥിതി വിശേഷമായിരുന്നു ആദ്യം. സര്‍വത്ര മേഖലയും നിശ്ചലമായി. കൊച്ചുകുട്ടികളുടെ ക്ലാസുകള്‍ വരെ ഓണ്‍ലൈനിലേക്ക് മാറിയതും ആഘോഷങ്ങള്‍ വീട്ടിലേക്ക് ഒതുങ്ങിയതും വളരെ പെട്ടന്നായിരുന്നു. അഞ്ഞൂറും ആയിരവും പേര്‍ കല്യാണത്തിനു പങ്കെടുത്തിരുന്ന കാലം പോയ് മറഞ്ഞു. ആകെ വിരലിലെണ്ണാവുന്നവരെ കൊണ്ട് ആര്‍ഭാട പൂര്‍ണമല്ലാത്ത കല്യാണങ്ങള്‍ നടത്താനും കേരളീയര്‍ പഠിച്ചു എന്നു വേണം പറയാന്‍. അങ്ങനെ എല്ലായിടങ്ങളിലും കൊവിഡ് തന്റെ സാന്നിധ്യമുറപ്പിച്ചു. സംസ്ഥാനത്തെ ആദ്യ കൊവിഡ് മരണം നടന്നത് മാര്‍ച്ച് 28നായിരുന്നു. അതിനും മുമ്പെ വിദേശ രാജ്യങ്ങളില്‍ പൊലിഞ്ഞുപോയ മലയാളി ജീവനുകള്‍ നിരവധിയാണ്.
അതിന് ശേഷവും നിരവധി ജീവനുകളാണ് കൊവിഡ് മൂലം നഷ്ടമായത്. മറ്റ് സംസ്ഥാനങ്ങളില്‍ കേസുകള്‍ കുറയുമ്പോഴും കേരളത്തില്‍ രോഗികള്‍ വര്‍ധിച്ചു വരുന്നത് ആശങ്കയുയര്‍ത്തുന്ന കാര്യമാണ്. ഒരു വര്‍ഷം പിന്നിടുമ്പോള്‍ വാക്‌സിനുകള്‍ ആരോഗ്യ പ്രവര്‍ത്തകരിലേക്ക് എത്തിയെന്നതാണ് പ്രതീക്ഷ നല്‍കുന്ന ഏക കണിക. വാക്‌സിനെത്തി എങ്കിലും സ്വയം നിയന്ത്രണം നമ്മള്‍ തുടരേണ്ടതായിട്ടുണ്ട്. അലസമായി നടന്നാല്‍ അപകടം വേഗത്തിലെത്തുമെന്ന കാര്യവും മറക്കരുത്. ജാഗ്രത പാലിക്കുക.