യുഡിഎഫിൻ്റെ രണ്ടാം ഘട്ട ഉഭയ കക്ഷി ചര്‍ച്ച അടുത്തയാഴ്ച നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരള യാത്രക്കിടെ സീറ്റ് വിഭജനത്തെ കുറിച്ചും ചര്‍ച്ച നടക്കും. സിഎംപിക്കും ഫോര്‍വേര്‍ഡ് ബ്ലോക്കിനും ഓരോ സീറ്റ് നല്‍കാന്‍ തീരുമാനമായി. സി പി ജോണിന് വിജയ സാധ്യതയുള്ള സീറ്റ് നല്‍കാനും തീരുമാനമായി.
മുസ്ലിം ലീഗിന് പരമാവധി മൂന്ന് സീറ്റുകള്‍ അധികം നല്‍കാനാണ് കോണ്‍ഗ്രസ് ധാരണയായിരിക്കുന്നത്. 15 സീറ്റ് ആവശ്യപ്പെട്ട പിജെ ജോസഫിന് എട്ട് സീറ്റ് നല്‍കാനാണ് സാധ്യത. പിറവം കൂടാതെ രണ്ട് സീറ്റ് കൂടി ആവശ്യപ്പെട്ട് ജേക്കബ് ഗ്രൂപ്പും കൈപമംഗലത്തിന് പകരം ആലപ്പുഴയിലോ കൊല്ലത്തോ ഒരു സീറ്റ് നല്‍കണമെന്ന് ആര്‍എസ്പിയും ആവശ്യമുന്നയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ 27നും 28നും ആയിരുന്നു യുഡിഎഫിൻ്റെ ആദ്യഘട്ട ഉഭയകക്ഷി ചര്‍ച്ച. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും പാണക്കാട്ട് എത്തി മുസ്ലിം ലീഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പല സീറ്റുകളും വച്ചുമാറുന്നത് സംബന്ധിച്ച് ലീഗ് ചര്‍ച്ചയില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിലും തീരുമാനമാകണം.