HomeWorldAmericaപലസ്തീന്‍ അനുഭാവ നിലപാടുമായി ബൈഡന്‍

പലസ്തീന്‍ അനുഭാവ നിലപാടുമായി ബൈഡന്‍

ഇസ്രയേലിനൊപ്പം പലസ്തീനുമായി സൗഹൃദ ബന്ധം സ്ഥാപിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് അറബ് രാഷ്ട്രങ്ങള്‍. സ്വതന്ത്ര പലസ്തീന്‍ രാഷ്ട്രത്തെ പിന്തുണക്കുമെന്ന അമേരിക്കയുടെ പുതിയ നിലപാടിനെ അറബ് ജനങ്ങള്‍ ഇതിനോടകം തന്നെ സ്വാഗതം ചെയ്തിരിക്കുകയാണ്. യുഎസ് പ്രസ്താവന പശ്ചിമേഷ്യന്‍ പ്രശ്‌നപരിഹാരത്തിന് വഴിയൊരുക്കുമെന്നാണ് അറബ്, മുസ്ലിം രാജ്യങ്ങളുടെ വിലയിരുത്തല്‍.

പലസ്തീന്‍ ജനതയോട് അനുഭാവപൂര്‍ണമായ നിലപാടായിരിക്കുമെന്നാണ് കഴിഞ്ഞ ദിവസം ബൈഡന്‍ ഭരണകൂടം അറിയിച്ചത്. ഐക്യരാഷ്ട്ര സഭയിലെ യുഎസ് ആക്ടിങ് പ്രതിനിധി റിച്ചാര്‍ഡ് മില്‍സ്, യുഎന്‍ രക്ഷാസിമിതിയിലാണ് നിലപാട് അറിയിച്ചത്. പലസ്തീനില്‍ അമേരിക്ക നയതന്ത്ര കാര്യാലയം സ്ഥാപിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. പലസ്തീന്‍ ജനതയുടെ സാമ്പത്തിക ഉന്നമനത്തിനും മാനുഷിക സഹായത്തിനും പോരുന്ന പദ്ധതികള്‍ പുനഃസ്ഥാപിക്കാന്‍ ബൈഡന്‍ ഭരണകൂടം തയ്യാറാകുമെന്നും വ്യക്തമാക്കുന്നു.

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അവസാനിപ്പിച്ച പലസ്തീനുമായുള്ള നയതന്ത്ര നടപടികള്‍ പുനരാരംഭിക്കാനുള്ള ബൈഡന്റെ നീക്കത്തെ അറബ് മാധ്യമങ്ങളും പുകഴ്ത്തി. പലസ്തീന് സാമ്പത്തിക സഹായം നല്‍കുന്നത് തുടരാനും അമേരിക്കക്ക് പദ്ധതിയുണ്ട്. 2018ല്‍ പലസ്തീനുള്ള 200 മില്യണ്‍ ഡോളറിന്റെ സഹായം ട്രംപിന്റെ ഭരണകൂടം വെട്ടിക്കുറിച്ചത് അറബ് ലോകത്ത് എതിര്‍പ്പിനിടയാക്കിയിരുന്നു. വിവിധ അറബ് രാാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തിയതും ബൈഡന്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചത് അറബ് രാഷ്ട്രങ്ങള്‍ സ്വാഗതം ചെയ്തിരുന്നു.

Most Popular

Recent Comments