പുനരധിവാസ പ്രശ്‌നത്തില്‍ സര്‍ക്കാരിനും കണ്ണന്‍ ദേവന്‍ കമ്പനിക്കുമെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. പെട്ടിമുടി ദുരന്തബാധിതരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പൂനരധിവാസവുമായി ബന്ധപ്പെട്ട് നല്‍കിയ ഉറപ്പുകള്‍ നടപ്പിലാക്കിയില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭൂമി താമസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്ടിമുടി ദുരന്തത്തിനിരയായവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പെട്ടിമുടിയില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ കുട്ടിയാറിലാണ് സര്‍ക്കാര്‍ അനുവദിച്ച സ്ഥലം. മണ്ണിടിച്ചില്‍ സാധ്യതയുള്ളതുകൊണ്ട് ഈ സ്ഥലം വാസയോഗ്യമല്ല. 24 കുടുംബങ്ങള്‍ക്ക് വീടും സ്ഥലവും നല്‍കേണ്ട സ്ഥാനത്ത് 8 കുടുംബങ്ങളെ മാത്രമാണ് പരിഗണിച്ചത്. പുനരധിവാസ വിഷയത്തില്‍ കണ്ണന്‍ ദേവന്‍ കമ്പനിയും സര്‍ക്കാരും ഒത്തുകളിക്കുന്നതായും പരാതിക്കാര്‍ ആരോപിച്ചു.
അതെസമയം, ടാറ്റയുടെ പക്കലുള്ള മിച്ചഭൂമി ഏറ്റെടുത്ത് നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ഏക്കറുകണക്കിന് ഭൂമി കമ്പനി വിരുദ്ധമായി കൈവശം വെച്ചിട്ടുണ്ടെന്നും തോട്ടം ഉടമകളില്‍ നിന്നു ഭൂമി സ്വീകരിച്ച്
പുനരധിവസിപ്പിക്കണമെന്ന ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷൻ്റെ ശുപാര്‍ശ സര്‍ക്കാര്‍ ഇതുവരെയും നടപ്പിലാക്കിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 10 ദിവസത്തിനകം മറുപടി നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ കണ്ണന്‍ ദേവന്‍ കമ്പനിക്കും ടാറ്റക്കും നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദ്ദേശമുണ്ട്.