HomeKeralaഓണ്‍ലൈന്‍ റമ്മി നിരോധനം; ഹര്‍ജിയില്‍ നടപടിയുമായി ഹൈക്കോടതി

ഓണ്‍ലൈന്‍ റമ്മി നിരോധനം; ഹര്‍ജിയില്‍ നടപടിയുമായി ഹൈക്കോടതി

ഓണ്‍ലൈന്‍ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ നടപടിയുമായി ഹൈക്കോടതി. കമ്പനികളുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി തമന്ന, നടന്‍ അജു വര്‍ഗീസ്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി എന്നിവര്‍ക്ക് കോടതി നോട്ടീസയച്ചു. ഹര്‍ജിയില്‍ പ്രതികരണമറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണ്‍ലൈന്‍ ആയി റമ്മി കളിച്ച് പണം നഷ്ടപ്പെടുകയും പിന്നീട് നിരവധി പേര്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതോടെയാണ് തൃശൂര്‍ സ്വദേശിയായ പോളി വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ഓണ്‍ലൈന്‍ ആയുള്ള റമ്മി മത്സരങ്ങള്‍ ധാരാളമായി കാണുന്നുണ്ടെന്നും അത് നിയമപരമായി തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മറ്റ് സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്.

കേരളത്തില്‍ 1960ലെ നിയമമുണ്ടെങ്കിലും അതില്‍ ഓണ്‍ലൈന്‍ റമ്മി എന്ന വിഷയം പ്രതിപാദിച്ചിട്ടില്ല. അതിനാല്‍ നിയമപരമായി തടയണം എന്നായിരുന്നു ഹര്‍ജിക്കാരൻ്റെ ആവശ്യം. പരസ്യങ്ങളില്‍ വരുന്ന ബ്രാന്‍ഡ് അംബാസഡര്‍മാരായ താരങ്ങള്‍ പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ടെന്നും അതുവഴി മത്സരത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്യുന്നു എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം റമ്മി കളിച്ച് 23 ലക്ഷം രൂപ കടം വരുത്തിവെച്ചതില്‍ മനംനൊന്ത് തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തിരുന്നു.

Most Popular

Recent Comments