ഡല്‍ഹിയില്‍ ട്രാക്ടര്‍ റാലിയുടെ മറവില്‍ നടക്കുന്ന അക്രമങ്ങളേയും അക്രമസംഭവങ്ങളേയും നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍. 15 കമ്പനി അര്‍ധസൈനികരെ കൂടി ഡല്‍ഹിയില്‍ വിന്യസിക്കും. അക്രമികളോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
രാജ്യതലസ്ഥാനത്ത് യുദ്ധസമാന സാഹചര്യം ഉണ്ടായ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചിരുന്നു. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജന്‍സ് ബ്യൂറോ മേധാവി, ഡല്‍ഹി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുത്ത് യോഗത്തില്‍ നടപടികളെ കുറിച്ച് തീരുമാനമെടുത്തു. ട്രാക്ടര്‍ പരേഡിനിടെ കൂടുതല്‍ സംഘര്‍ഷം ഉണ്ടായ ഐടിഒ, ഗാസിപുര്‍, നംഗ്ലോയി എന്നിവിടങ്ങളില്‍ കൂടുതല്‍ സേനകളെ വിന്യസിക്കും.
സംഘര്‍ഷം ഉണ്ടാക്കിയത് സാമൂഹ്യ വിരുദ്ധര്‍ ആണെന്ന് വീണ്ടും കര്‍ഷക സമര സമിതി അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ആനിരാജ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രവര്‍ത്തകര്‍ അതിര്‍ത്തികളിലേക്ക് മടങ്ങി തുടങ്ങിയെന്നു നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ ചെങ്കോട്ടയിലേക്ക് കൂടുതല്‍ പേര്‍ എ്ത്തുന്നുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ചെങ്കോട്ടയിലും പരിസരങ്ങളിലും തങ്ങുന്നവര്‍ കൂടുതല്‍ അക്രമങ്ങളിലേക്ക് തിരിഞ്ഞേക്കാം എന്നും മുന്നറിയിപ്പുണ്ട്. ഇിതിനിടെ സംഘര്‍ഷ മേഖലകളിലേക്ക് പോകരുതെന്നും സുരക്ഷ ഉറപ്പാക്കണമെന്നും തങ്ങളുടെ പൗരന്മാരോട് അമേരിക്കന്‍ എംബസ് ആവശ്യപ്പെട്ടു.