HomeKeralaവാളയാര്‍ കേസ് അന്വേഷണം സിബിഐക്ക്, വിജ്ഞാപനമിറക്കി സര്‍ക്കാര്‍

വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക്, വിജ്ഞാപനമിറക്കി സര്‍ക്കാര്‍

പാലക്കാട് വാളയാര്‍ സഹോദരിമാരുടെ മരണത്തിൻ്റെ അന്വേഷണം സിബിഐക്ക് കൈമാറി സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടര്‍ന്നാണ് നടപടി. കേസന്വേഷണത്തില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കും വരെ സമരം തുടരുമെന്ന് അറിയിച്ച് കുട്ടികളുടെ അമ്മ പാലക്കാട് അനിശ്ചിത കാല സത്യഗ്രഹം ആരംഭിച്ചു.

പെണ്‍കുട്ടിയുടെ കുടുംബത്തിൻ്റെയും വാളയാര്‍ സമരസമിതിയുടേയും ആവശ്യം പരിഗണിച്ചാണ് അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനമിറങ്ങിയത്. നേരത്തെ തന്നെ തീരുമാനമായിരുന്നു എങ്കിലും വിജ്ഞാപനം ഇറക്കുന്നതിലെ നിയമ തടസമായിരുന്നു നടപടി വൈകാന്‍ കാരണം. ആര്‍ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പാലക്കാട് പോക്‌സോ കോടതി തുടരന്വേഷണത്തിന് ഉത്തരവ് നല്‍കിയതോടെ നിയമ തടസം നീങ്ങുകയായിരുന്നു. കേസ് അട്ടിമറിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ദളിത് സഹോദരിമാരില്‍ മൂത്ത കുട്ടി പീഡനത്തെ തുടര്‍ന്ന് തൂങ്ങി മരിച്ചുവെന്ന വാര്‍ത്ത വന്നിട്ടും മതിയായ അന്വേഷണം നടത്തിയിരുന്നില്ല.  പിന്നീട്  മാര്‍ച്ച് നാലിന് ഇളയ കുട്ടിയും സമാന രീതിയില്‍ മരിച്ചു. അഞ്ചു പ്രതികളുണ്ടായിരുന്ന കേസില്‍ പോക്‌സോ, ബലാത്സംഗം, ആത്മഹത്യ പ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ ചുമത്തിയിരുന്നെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ തെളിവ് ശേഖരണത്തിലെ പാളിച്ചകള്‍ കേസിനെ ദുര്‍ബലമാക്കി. ആകെ 52 സാക്ഷികളെ വിസ്തരിച്ചെങ്കിലും മിക്കവരും കൂറുമാറിയത് തിരിച്ചടിയായി. തുടര്‍ന്ന് വാളയാര്‍ കേസ് പ്രതികളെ വിചാരണ കോടതി വെറുതെ വിടുകയായിരുന്നു. ഈ വിധി പിന്നീട് ഹൈക്കോടതി റദ്ദാക്കി.

Most Popular

Recent Comments