ജമ്മു കശ്മീരില്‍ കൊവിഡ് മരുന്നുകള്‍ നദിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ദോഡ ജില്ലയിലെ നീരു നദിയില്‍ കൊവിഡ് രോഗികള്‍ക്കായി കൊണ്ടുവന്ന മരുന്നുകള്‍ വലിച്ചെറിഞ്ഞതോടെ നൂറു കണക്കിന് മത്സ്യങ്ങളാണ് ചത്ത് പൊങ്ങിയത്.
ഗുപ്ത ക്ഷേത്രം, പര്‍ണാല, അടല്‍ഗഡ് മേഖലയിലെ മത്സ്യങ്ങള്‍ ചത്തുപൊങ്ങി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും ഭദര്‍വാ ഡെപ്യൂട്ടി കമ്മീഷണര്‍ രാകേഷ് കുമാര്‍ അറിയിച്ചു.
എന്നാല്‍ കാലവാധി കഴിഞ്ഞ മരുന്നുകള്‍ എവിടേയും വലിച്ചെറിഞ്ഞിട്ടില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എല്ലാ മാസവും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മരുന്നുകള്‍ സംസ്‌കരിക്കുകയാണ് ചെയ്യാറുള്ളതെന്നും അവര്‍ പറഞ്ഞു.
അതെസമയം, മരുന്നുകള്‍ നദിയില്‍ ഒഴുകുന്നത് കണ്ടെന്നും നൂറു കണക്കിന് മത്സ്യങ്ങള്‍ ചത്ത് പൊങ്ങിയത് ശ്രദ്ധയില്‍പ്പെട്ടെന്നും പ്രദേശവാസിയായ നീരജ് സിങ് മന്‍ഹാസ് ആരോപിച്ചു. ഹൈഡ്രോക്‌സിക്ലോറോക്വിന്‍, അസിത്രോമൈസിന്‍, ബെറ്റാമെതസോന്‍, പാരസെറ്റമോള്‍, സിങ്ക് മരുന്നുകള്‍ ഉപേക്ഷിക്കപ്പെട്ട മരുന്നുകളിലുണ്ട്.