വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ ടി പത്മനാഭന്‍. എണ്‍പത്തി ഏഴ് വയസുള്ള ഒരു വൃദ്ധയെ അധിക്ഷേപിച്ചത് ക്രൂരതയായി. ദയയും സഹിഷ്ണുതയും ഇല്ലാത്ത പെരുമാറ്റമാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ ഭാഗത്ത് നിന്നുമുണ്ടായത്. ഇന്നോവ കാറും വലിയ ശമ്പളവും നല്‍കി അവരെ നിയമിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഗൃഹസന്ദര്‍ശനത്തിനെത്തിയ പി ജയരാജനോടാണ് പത്മനാഭന്‍ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.
അയല്‍ക്കാരന്റെ ആക്രമണത്തില്‍ പരിക്കേറ്റ് കിടപ്പിലായ ലക്ഷ്മിക്കുട്ടിയമ്മയോടായിരുന്നു ജോസഫൈന്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചത്. പരാതി കേള്‍ക്കാന്‍ മറ്റ് മാര്‍ഗമുണ്ടോ എന്ന് ചോദിച്ച് ബന്ധുവിനെ ശകാരിക്കുകയും ചെയ്തു. എന്നാല്‍ ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി വനിതാ കമ്മീഷന്‍ പരിശോധിച്ചതായി ജോസഫൈന്‍ അറിയിച്ചു. കമ്മീഷന്റെയും പൊലീസിന്റെയും നിയമനടപടികള്‍ നടക്കുന്നുണ്ടെന്നും പരാതിക്കാരന്‍ ഫോണ്‍ വിളിച്ചപ്പോഴുണ്ടായ ആശയ വിനിമയത്തിലെ അവ്യക്തതയാണ് തെറ്റിദ്ധാരണക്കിട വരുത്തിയതെന്നുമാണ് ജോസഫൈന്റെ അഭിപ്രായം.