അതിവേഗ കൊവിഡ്; മുന്നറിയിപ്പുമായി ബ്രിട്ടണ്‍

0

അതിവേഗ കൊവിഡ് വ്യാപനത്തെ കുറിച്ച് ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധര്‍. ജനിതക മാറ്റംം സംഭവിച്ച കൊവിഡ് കൂടുതല്‍ അപകടമാണ്. കൂടാതെ മരണനിരക്ക് വലിയതോതില്‍ കൂടാന്‍ സാധ്യതയുണ്ടെന്ന പഠന റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് ബ്രിട്ടീഷ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ ഇന്ത്യക്കാര്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും കൂടുതല്‍ കരുതിയിരിക്കണമെന്നും അവര്‍ വ്യക്തമാക്കി.

കേന്ദ്ര ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം ഇതുവരെ 150 പേര്‍ക്കാണ് ജനിതക മാറ്റം സംഭവിച്ച അതിവേഗ കൊവിഡ് കണ്ടെത്തിയത്. യുകെയുമായുള്ള വ്യോമഗതാഗതം സ്തംഭിപ്പിക്കുകയും, വിമാനത്താവളങ്ങളിലെ സ്‌ക്രീനിങ് നടപടികള്‍ വര്‍ധിപ്പിക്കുകയും ചെയ്തതിന് ശേഷം ലഭിച്ച കണക്കാണിത്.
അതെസമയം, രാജ്യത്ത് കൊവിഡ് കേസുകള്‍ കുറഞ്ഞുവരികയാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജനങ്ങള്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും ഇന്ത്യയിലെ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
ഭാവിയില്‍ നേരിട്ടേക്കാവുന്ന പ്രശ്‌നമാണ് അതിവേഗ കൊവിഡെന്നും സാഹചര്യങ്ങള്‍ രൂക്ഷമാകാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയിലെ ശ്വാസകോശ വിദഗ്ധ റിച്ച സറീന്‍ പറഞ്ഞു.