പി സി ജോര്‍ജിനെ വിലക്കണമെന്ന് മഹിള ഫെഡറേഷന്‍

0

സ്ത്രീ വിരുദ്ധ പരാമര്‍ശം ഇടക്കിടെ നടത്തുന്ന പി സി ജോര്‍ജ് എംഎല്‍എയെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കണം എന്നാവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷന്‍. ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഫെഡറേഷന്‍.

കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയതിന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ശാസന ഏറ്റുവാങ്ങിയിരുന്നു. 2013ല്‍ കെ ആര്‍ ഗൗരിയമ്മക്കെതിരെ നടത്തിയ അപമാനകരമായ പദപ്രയോഗത്തിനും പി സി ജോര്‍ജിനെ നിയമസഭ ശാസിച്ചു. സ്ത്രീകള്‍ക്ക് എതിരെ മോശം പരാമര്‍ശം നടത്തിയതിന് രണ്ട് തവണ നിയമസഭ തന്നെ ശാസിച്ച വ്യക്തിയാണ് പി സി ജോര്‍ജ് എന്ന് ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ പറഞ്ഞു. പൊതുയോഗങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും സ്ത്രീകളെ അപമാനിക്കല്‍ പതിവുമാണ്. ഈ സാഹചര്യത്തില്‍ ഇതുപോലൊരു വ്യക്തിയെ മത്സരിക്കാന്‍ അനുവദിക്കുന്നത് സ്ത്രീകള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ഫെഡറേഷന്‍ വിശദീകരിക്കുന്നു.