കോണ്‍ഗ്രസ് വിടില്ലെന്ന് ഉറപ്പിച്ച് കെവി തോമസ്. കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താസമ്മേളനം റദ്ദാക്കി അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു. എഐസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്ന അദ്ദേഹം കെപിസിസി യോഗത്തിലും പങ്കെടുക്കും. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുടെ അനുനയ നീക്കത്തിനൊടുവില്‍ സോണിയ ഗാന്ധി തന്നെ നേരിട്ട് വിളിച്ചതാണ് നിര്‍ണായകമായത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് സോണിയ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടായത്. ചില ദുഃഖങ്ങളും പരിഭവങ്ങളും ഉണ്ടായിരുന്നു. പാര്‍ട്ടിയുമായി പ്രശ്‌നങ്ങളില്ല. പാര്‍ട്ടിയില്‍ പദവികള്‍ ചോദിക്കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തിട്ടില്ലെന്നാണ് കെവി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
കൊച്ചിയില്‍ നടത്താനിരുന്ന വാര്‍ത്താ സമ്മേളനവും മാറ്റി വെച്ചാണ് കെവി തോമസ് തിരുവനന്തപുരത്ത് യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോയത്. തെരഞ്ഞെടുപ്പ് നിരീക്ഷകനായി എത്തുന്ന രാജസ്ഥാന്‍ മുഖ്യമന്ത്രിയും എഐസിസി പ്രതിനിധിയുമായ അശോക് ഗെലോട്ടുമായി അദ്ദേഹം ചര്‍ച്ച നടത്തും. അതെസമയം കെവി തോമസിന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം വാഗ്ദാനം ചെയ്തതായാണ് സൂചന.