HomeKeralaജയിച്ചേ തീരൂ യുഡിഎഫിന്, ഇത് നിലനില്‍പ്പിനായുള്ള പോരാട്ടം

ജയിച്ചേ തീരൂ യുഡിഎഫിന്, ഇത് നിലനില്‍പ്പിനായുള്ള പോരാട്ടം

യുഡിഎഫിന് ഇക്കുറി നിയമസഭയിലേക്കുള്ളത് മത്സരമല്ല, ജീവന്മരണ പോരാട്ടമാണ്. അതുകൊണ്ട് ജയത്തില്‍ കുറഞ്ഞതൊന്നും അവരുടെ ചിന്തയില്‍ പോലും ഇല്ല. ഇക്കുറി നഷ്ടപ്പെട്ടാല്‍ യുഡിഎഫ് എന്ന സംവിധാനം പോലും അടുത്ത തെരഞ്ഞെടുപ്പിന് ഉണ്ടാകുമോ എന്ന് ചിന്തിക്കുന്നവരാണ് അധികം പേരും.

അടുത്ത ഭരണം യുഡിഎഫിന് ലഭിച്ചേ തീരൂ.. അതിനുള്ള ആലോചനകളിലാണ് യുഡിഎഫ് – കോണ്‍ഗ്രസ് നേതൃത്വം. രാഷ്ട്രീയമായി ഏറെ അനുകൂല സാഹചര്യം ഉണ്ടായിട്ടും, സര്‍ക്കാര്‍ പ്രതികൂട്ടില്‍ ആയിട്ടും തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വിജയം കൊയ്യാന്‍ ആയില്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് പല കാരണങ്ങള്‍ നിരത്തുമ്പോഴും ഗ്രൂപ്പുകളുടെ അതിപ്രസരം തന്നെയാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് പരക്കെ അഭിപ്രായമുണ്ട്.

വിജയിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് സീറ്റ് നല്‍കാതെ ഗ്രൂപ്പടിസ്ഥാനത്തില്‍ സീറ്റ് വീതം വെയ്പുമാണ് നടക്കുന്നത്. ഇതിന് തെളിവാണ് ഇക്കുറി വിജയിച്ചു വന്ന വിമതരുടെ എണ്ണം. പലയിടത്തും കോണ്‍ഗ്രസിനൊപ്പം തന്നെ വിമതരും വിജയിച്ചു. സീറ്റ് കിട്ടാത്ത എതിര്‍ ഗ്രൂപ്പുകാര്‍ ഇടതു മുന്നണിയേക്കാള്‍ ശക്തമായി സ്വന്തം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ മുന്നിട്ടിറങ്ങിയതിനും തദ്ദേശ തെരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചു.

എല്‍ഡിഎഫ് നേടിയ വിജയം കോണ്‍ഗ്രസിലെ തമ്മിലടിയുടെ കൂടി ഉത്തരമാവുമ്പോള്‍ തുടര്‍ഭരണമെന്ന സ്വപ്‌നം വീണ്ടും ഉയര്‍ത്തുകയാണ് പിണറായി വജയന്‍. സമരങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളിലും ആടിയുലഞ്ഞ എല്‍ഡിഎഫിനും മുഖ്യമന്ത്രിക്കും ജീവവായുവാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്.

ഇത്രയൊക്കെ ആയിട്ടും തമ്മിലടിക്ക് മാറ്റമില്ല എന്നതിൻ്റെ തെളിവാണ് കളമശ്ശേരി നഗരസഭയിലെ ഉപതെരഞ്ഞെടുപ്പ്. യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ വിമതന്‍ മത്സരിക്കുകയും വലിയ വോട്ട് വിഹിതം സ്വന്തമാക്കുകയും ചെയ്തപ്പോള്‍ യുഡിഎഫ് സീറ്റ് എല്‍ഡിഎഫിന് സ്വന്തം. നഗരസഭയില്‍ ഭരണമാറ്റവും ഏതാണ്ട് ഉറപ്പായി.

പ്രതീക്ഷയാവുന്നത് ഷാഫി പറമ്പിലും കെ എസ് ശബരീനാഥും നടത്തിയ പ്രസ്താവനയാണ്. യുവജനങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കണം. സ്ഥാനാര്‍ഥി യോഗ്യത ജനസമ്മതിയും വിജയ സാധ്യതയും ആവണം. ഇനിയും ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സീറ്റ് വീതം വെയ്പ് എങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സ്വന്തമായി മത്സരിക്കേണ്ടിവരും എന്ന അവരുടെ മുന്നറിയിപ്പ് തീർച്ചയായും കോൺഗ്രസിന് പ്രതീക്ഷയാണ്.

എന്തായാലും കോണ്‍ഗ്രസ് മുക്ത കേരളത്തിനായുള്ള ബിജെപി ലക്ഷ്യം കോണ്‍ഗ്രസ് ഹൈക്കമാന്റിന് പിടികിട്ടിയ മട്ടുണ്ട്. കേരളത്തില്‍ ശക്തമായ ഇടപെടലിനാണ് തുടക്കം കുറിച്ചത്. ഉമ്മന്‍ചാണ്ടിയെ തിരഞ്ഞെടുപ്പ് സമിതിയുടെ അധ്യക്ഷനാക്കിയതും മുല്ലപ്പള്ളിയെ മത്സരിക്കാന്‍ വിട്ട് കെ സുധാകരനെ താല്‍ക്കാലിക പ്രസിഡണ്ടാക്കുന്നതും പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ ഇത്രയും വെള്ളം കോരിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഒതുക്കുന്നു എന്ന തോന്നല്‍ അണികള്‍ക്കിടയിലും ജനങ്ങളിലും ഉണ്ടാകുന്നത് നല്ലതാണെന്ന് തോന്നുന്നില്ല. കഴിഞ്ഞ ദിവസം പി സി ജോര്‍ജും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ന്യൂനപക്ഷ വോട്ടുകള്‍ കിട്ടാനാണ് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരുന്നത് എന്ന തോന്നല്‍ ഉണ്ടായാല്‍ അത് വോട്ടിംഗ് ശതമാനത്തെ ബാധിക്കും. പ്രത്യേകിച്ചും എന്‍എസ്എസ് പോലുള്ള സംഘടനകളുടെ എതിര്‍പ്പ് ശക്തമാകുമ്പോള്‍. മുസ്ലീംലീഗ് മുന്നണി പിടിക്കുന്നു എന്ന പ്രചാരണത്തിനും മറുപടി നൽകാൻ ഇക്കുറി കോൺഗ്രസിന് കഴിയേണ്ടതുണ്ട്.

ശക്തമായ മത്സരമായിരിക്കും ഇക്കുറി നിയമസഭയിലേക്ക് നടക്കുക എന്നതില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടാകില്ല. മൂന്ന് മുന്നണികള്‍ക്കും വിജയം തന്നെ വേണം എന്നതിലും സംശയമില്ല. വീണ്ടും ഗ്രൂപ്പുകളിലേക്കും ജാതി സമവാക്യങ്ങളിലേക്കും പോയാല്‍ കോണ്‍ഗ്രസിൻ്റെ ശവപറമ്പായിരിക്കും കേരളം. എന്‍ഡിഎയും എല്‍ഡിഎഫും ആഗ്രഹിക്കുന്നതും അതാണ്.

Most Popular

Recent Comments