ഉപതെരഞ്ഞെടുപ്പ് നടന്ന തൃശൂര്‍ കോര്‍പ്പറേഷനിലെ പുല്ലഴി ഡിവിഷനില്‍ യുഡിഎഫിന് അട്ടിമറി ജയം. കളമശ്ശേരിയില്‍ യുഡിഎഫ് വിമതന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയനത്തിന് കാരണമായി. എല്‍ഡിഎഫ് വിജയിച്ചു.
പുല്ലഴിയില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് യുഡിഎഫ് വന്‍ ഭൂരിപക്ഷത്തില്‍ ആണ് പിടിച്ചെടുത്തത്. 993 വോട്ടിന്റെ ഭൂരിപക്ഷമാണ് യുഡിഎഫിലെ കെ രാമനാഥന് ലഭിച്ചത്.
എല്‍ഡിഎഫിലേക്ക് മാറിയ എം കെ മുകുന്ദന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപ തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെ രാമനാഥന് 2042 വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിനായി മത്സരിച്ച മഠത്തില്‍ രാന്‍കുട്ടിക്ക് 1049 വോട്ടാണ് കിട്ടിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി സന്തോഷ് പുല്ലഴിക്ക് 539 വോട്ടുണ്ട്.
ഇതോടെ തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണത്തില്‍ മേയര്‍ എം കെ വര്‍ഗീസിന് നിര്‍ണായക സ്ഥാനമായി. പുല്ലഴി കിട്ടിയാല്‍ ഉറച്ച ഭരണം പ്രതീക്ഷിച്ച എല്‍ഡിഎഫിന് ഇന് എം കെ വര്‍ഗിസിനെ പിണക്കാനാവില്ല. എന്നാല്‍ എം കെ വര്‍ഗീസ് തങ്ങള്‍ക്ക് പിന്തുണ നല്‍കും എന്ന പ്രതീക്ഷയിലാണ് യുഡിഎഫ് നേതൃത്വം.
കളമശ്ശേരിയിലെ തോല്‍വി യുഡിഎഫിന് താങ്ങാനാവാത്തതായി. നറുക്കെടുപ്പിലൂടെ ലഭിച്ച നഗരസഭ ഭരണം നഷ്ടപ്പെടുന്ന അവസ്ഥയാണിപ്പോള്‍. നഗരസഭയിലെ 37ാം വാര്‍ഡിലാണ് ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥി റഫീഖ് മരയ്ക്കാര്‍ വിജയിച്ചത്. യുഡിഎഫിലെ സലീമിനേക്കാള്‍ 64 വോട്ടിന്റെ ഭൂരിപക്ഷമാണ് റഫീഖിന് ലഭിച്ചത്. യുഡിഎഫ് വിമതന്‍ പിടിച്ച വോട്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരാജയത്തിന് കാരണം. ഇതോടെ യുഡിഎഫില്‍ തര്‍ക്കം രൂക്ഷമായി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി ഡിവിഷനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. ബിനോയ് കുര്യന്‍ ആണ് വിജയിച്ചത്. ചെട്ടികുളങ്ങര പഞ്ചായത്തിലെ ഏഴാം വാര്‍ഡിലും എല്‍ഡിഎഫിനാണ് വിജയം. രോഹിത് എം പിള്ള വിജയിച്ചു.