പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്

0

പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ നിയമസഭ. സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരെ പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും 14 സര്‍ക്കാര്‍ പ്രമേയങ്ങള്‍ക്കും സഭ സാക്ഷിയായി.

സഭയിലെ വാക്‌പോരിന് ഇന്ന് പരിസമാപ്തിയാകും. ഇനി നേതാക്കള്‍ സഭക്ക് പുറത്ത് ജനങ്ങളിലേക്ക്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളിലൂടെയും തന്ത്രങ്ങളിലൂടെയും ശ്രദ്ധേയമായിരുന്നു നിലവിലെ സഭ. സിറ്റിങ് എംഎല്‍എമാരായ കെഎം മാണി, കെകെ രാമചന്ദ്രന്‍ നായര്‍, തോമസ് ചാണ്ടി, സിഎഫ് തോമസ്, വിജയന്‍ പിള്ള, പിബി അബ്ദുള്‍ റസാഖ്, കെവി വിജയദാസ് എന്നിവർ വിട പറഞ്ഞത് വേദനയായി. സിറ്റിങ് എംഎല്‍എമാരില്‍ കൂടുതല്‍ പേരെ നഷ്ടമായതും ഈ കാലയളവില്‍ തന്നെ.

അതെസമയം, ഏകദിന സമ്മേളനങ്ങളുടെ കാര്യത്തില്‍ ഈ സഭ റെക്കോര്‍ഡുമിട്ടു. ഏഴ് പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമേയങ്ങളും ചര്‍ച്ചക്ക് വന്നു. സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരെ വന്ന അവിശ്വാസ പ്രമേയങ്ങള്‍ പരാജയപ്പെട്ടു. ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാ ടിവിയുടെ വരവും ഇക്കാലത്തായിരുന്നു. കൊവിഡ് കാലത്തെ സഭാ സമ്മേളനം പുതിയൊരു അനുഭവമായി. ആറ് അടിയന്തര പ്രമേയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. 14 സര്‍ക്കാര്‍ പ്രമേയങ്ങളും ചര്‍ച്ചക്ക് വന്നു. കേരളത്തിൻ്റെ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് ഒരു എംഎല്‍എ ഉണ്ടായി എന്നത് സഭയുടെ പ്രത്യേകതയാണ്.

അതെസമയം രണ്ട് എംഎല്‍എമാര്‍ ജയിലിലും മൂന്ന് മണ്ഡലങ്ങളില്‍ എംഎല്‍എമാര്‍ ഇല്ല എന്ന അപൂര്‍വ സാഹചര്യത്തിലാണ് സഭ ഇന്ന് പിരിയുക. ആഴ്ചകള്‍ക്ക് ശേഷം നിയമസഭ തെരഞ്ഞെടുപ്പ്. കൊവിഡിനെ തുടര്‍ന്ന് അവസാന ദിവസത്തെ ഫോട്ടോ സെഷന്‍ ഒഴിവാക്കിയിട്ടുണ്ട്.