കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍. ഒന്നര വര്‍ഷത്തേക്ക് നിയമങ്ങള്‍ മരവിപ്പിക്കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം കര്‍ഷകര്‍ തള്ളി. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.
സിങ്കു അതിര്‍ത്തിയില്‍ ചേര്‍ന്ന കര്‍ഷക സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. മൂന്ന് കാര്‍ഷിക നിയമങ്ങളും പൂര്‍ണമായി റദ്ദാക്കാനും തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മിനിമം താങ്ങുവില ഉറപ്പുവരുത്തുന്ന പുതിയ നിയമം വേണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം നടന്ന പത്താം വട്ട ചര്‍ച്ചയില്‍ 18 മാസം വരെ പുതിയ കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിക്കാമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍ ഇതിനോട് ഉടനെ കര്‍ഷക പ്രതിനിധികള്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് യോഗം വിളിച്ച് തീരുമാനമെടുത്തത്.